പാലക്കാട്: ഗുണനിലവാരമില്ലാത്തതും വ്യാജമരുന്നുകളും വില്‍ക്കപ്പെടാത്ത സംസ്ഥാനമെന്ന ഖ്യാതി ഒരു കാലത്ത് കേരളത്തിന് ഉണ്ടായിരുന്നത് സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഡ്രഗ്ഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും ഉത്തവാദിത്വബോധത്തോടെ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന ഔഷധവ്യാപാര സമൂഹവും കാരണമാണ്. മരുന്ന് നിര്‍മ്മാതാവ് അംഗീകൃത ‘ വിതരണക്കാര്‍’റീട്ടെയില്‍ വ്യാപാരികള്‍’ആശുപത്രികള്‍ എന്നിങ്ങനെയുള്ള ശൃംഖലയുടെ പ്രവര്‍ത്തനഫലമായി ഗുണനിലവാരമുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയോടെ ലഭ്യമായിരുന്നു എന്നതാണ് വസ്തുത.
ജി.എസ്.ടി. നടപ്പിലായതു മുതല്‍ അന്യസംസ്ഥാനത്ത് നിന്ന് അംഗീകൃതമല്ലാത്ത വ്യാപാരികള്‍ “ഡിസ്‌കൗണ്ട് വ്യാപാരം” എന്ന വാഗ്ദാനവുമായി സംസ്ഥാനത്തേക്ക് മരുന്നുകള്‍ എത്തിയ്ക്കുവാനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില മൊത്ത-ചില്ലറ വ്യാപാരികള്‍ പ്രലോഭനത്തില്‍ ആകൃഷ്ടരായി മരുന്നുകള്‍ വാങ്ങി ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് വ്യാപാരം തുടങ്ങിയത് വ്യാപകമായതോടെ സംസ്ഥാനത്ത് ഗുണനിലവാരം ഇല്ലാത്തതും വ്യാജമരുന്നുകളുടെ കടന്നുകയറ്റം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത ഉടലെടുക്കുകയുമുണ്ടായി.
കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡർ 2013 മുഖാന്തിരം റീട്ടെയില്‍ വ്യാപാരികള്‍ക്ക് 16% ലാഭശതമാനം ലാഭം നല്‍കുന്ന ഇൻസുലിൻ പോലുള്ള മരുന്നുകള്‍. നിര്‍മ്മാതാക്കള്‍ നല്‍കുന്ന ലാഭശതമാനത്തേക്കാള്‍ കൂടുതലായി ‘ ഡിസ്‌കൗണ്ട് ബോർഡുകൾ പ്രദര്‍ശിപ്പിച്ചുകൊണ്ട് വ്യാപാരം നടത്തുന്ന പ്രവണത പാടില്ലാത്തതും ഫാർമസി പ്രാക്റ്റീസ് റെഗുലേഷൻ 2015 ലെ നിബന്ധന കാറ്റില്‍ പറത്തിക്കൊണ്ടു നടത്തുന്ന വ്യാപാരം നിര്‍ത്തലാക്കണമെന്ന് കാലാകാലങ്ങളായി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനവും അഭ്യര്‍ത്ഥനയും നടത്തിയിട്ട് ഫലമുണ്ടായിട്ടില്ല എന്നത് വാസ്തവമാണ്.
വൈകിയാണെങ്കിലും “ഓപ്പറേഷൻ ഡബിൾ ചെക്ക് ” എന്ന പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് അംഗീകൃതമല്ലാത്ത വ്യാപാരികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ചിലതില്‍ (കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍) ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാജമരുന്നുകള്‍ കണ്ടെത്തുകയും നിയമാനുസൃതമായിട്ടുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തത് അഭിമാനാര്‍ഹമാണ്. ഇത്തരം ഡിസ്‌കൗണ്ട് എന്ന പ്രലോഭനത്തില്‍ കൂടി മരുന്നുവ്യാപാരം നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി നിയമനടപടി കൈക്കൊള്ളണമെന്ന് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസ്സോസിയേഷൻ ആരോഗ്യവകുപ്പ് മന്ത്രിയോടും ഡ്രഗ് കൺട്രോൾ വകുപ്പ്, സംസ്ഥാന ജി.എസ്.ടി. വകുപ്പിനോടും പൊതുജനതാല്പര്യാര്‍ത്ഥം അഭ്യര്‍ത്ഥിക്കുകയാണ്.
ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഔഷധ നിര്‍മ്മാതാക്കള്‍ക്കെതിരെയും വിതരണ-വിപണനം നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഒരു കാലത്ത് വ്യാജ മരുന്നുകള്‍ വില്‍ക്കാത്ത കേരള സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്തതും വ്യാജ മരുന്നുകളും വിപണനം യഥേഷ്ടം നടക്കുന്ന സംസ്ഥാനം എന്ന അവസ്ഥ ഉണ്ടാകാതിരിക്കേണ്ടതിന്റെയും ഗുണനിലവാരമുള്ള മരുന്നുകള്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കേണ്ടതിന്റെയും ഉത്തരവാദിത്വം ഔഷധവ്യാപാരികള്‍ക്കും സര്‍ക്കാരിനും ഉള്ളതോടൊപ്പം പത്രദൃശ്യമാധ്യമങ്ങളുടെ സഹകരണം പൊതുജന താല്പര്യാര്‍ത്ഥം അഭ്യര്‍ത്ഥിക്കുകയാണ്. പത്രസമ്മേളനത്തില്‍ എ.കെ.സി.ഡി.എ. ജില്ലാ പ്രസിഡന്റ് സി.കൃഷ്ണദാസ്, സെക്രട്ടറി എ.കെ.പ്രദീപ്, ട്രഷറര്‍ എം.മുരുകദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ്കുമാര്‍.പി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എന്‍. മോഹന്‍ദാസ്, വിനോദ്, ജോയിന്റ് സെക്രട്ടറി കേശവന്‍കുട്ടി.കെ എന്നിവര്‍ പങ്കെടുത്തു.

