ഒലവക്കോട്: പാലക്കാട് നഗര പരിധിക്കുള്ളിൽ നൂറ്റിഎഴുപത്തിയേഴ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും നഗരസഭ സെക്രട്ടറിയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ പാലക്കാട് നഗരത്തിലുള്ളവരും ഇവിടേക്ക് വരുന്നവരും സുരക്ഷിതരാണെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ കൃഷ്ണദാസ്.
ഒലവക്കോട് ഐശ്വര്യ കോളനി റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗര പരിധിയിൽ കുറ്റകൃത്യങ്ങൾ നടന്നാൽ നാൽപത്തിയെട്ടു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. ഹരിത കർമ്മസേനയും കണ്ടിജന്റ് ജീവനക്കാരും പ്രവർത്തിക്കുന്നതിനാൽ റെയിൽവേ സ്റ്റേഷൻ പരിസരമൊഴികെ മറ്റെല്ലായിടത്തും മാലിന്യമുക്തമാണെന്നും ഇ കൃഷ്ണദാസ് പറഞ്ഞു. കോളനി പ്രസിഡന്റ് അഡ്വ: സ്റ്റാൻലി ജയിംസ് അദ്ധൃക്ഷനായി. കോളനി പാർക്കിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം, സിൽവർ ജൂബിലി ആഘോഷ കേക്ക് മുറിക്കൽ എന്നിവ അഡ്വ ഇ കൃഷ്ണ ദാസ് നിർവ്വഹിച്ചു. മഴക്കാലത്ത് കോളനിയിൽ വെള്ളം കയറി കോളനിവാസികൾക്ക് താമസിക്കാനാവാത്തത് പരിഹരിക്കാനുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രസിഡന്റ് നഗരസഭവൈസ് ചെയർമാന് നൽകി കൗൺസിലർ ദീപ മണികണ്ഠൻ, സെക്രട്ടറി ഓമന രാമചന്ദ്രൻ, ജോ.. സെക്രട്ടറി ആൻസി ജയിംസ്, രാജൻ വർഗ്ഗീസ്, ട്രഷറർ അനന്തനാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടിയും ഗാനമേളയും ഉണ്ടായി.