—- ജോസ് ചാലക്കൽ —
പാലക്കാട്: മെയ് രണ്ടിന് പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെ ആർ ടി എ യുടെ അംഗീകാരം ഇല്ലാത്തതടക്കം ഒട്ടേറെ പരാതികളും പരിഭവങ്ങളുമായി യാത്രക്കാരും ബസ് ജീവനക്കാരും ബസ്സുടമകളും. സ്റ്റാന്റ് പണി പൂർണ്ണമായും പണിതീർന്നതായി ആർ ടി എ ക്ക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ബസ്റ്റാന്റിന് പ്രവർത്തനാനുമതി ലഭിക്കുള്ളൂ. എന്നാൽ പണി പൂർത്തിയായിട്ടില്ലെന്ന് ആർക്ക് നോക്കിയാലും അറിയാം. മേൽ കൂരയുണ്ടെങ്കിലും വശങ്ങളിൽ അടക്കാത്തതിനാൽ മെയ്,ജൂൺ, ജൂലൈ മാസങ്ങളിൽ എത്തുന്ന ശക്തമായ കാറ്റും മഴയും ബസ്റ്റാന്റിലുള്ളവരെ നനക്കുമെന്ന് നാട്ടുകാരും ബസ് ജീവനക്കാരും പറയുന്നു. പരിസരത്തെ ടാർ ചെയ്യാത്ത ഭാഗത്ത് മണ്ണും കല്ലും കിടക്കുന്നിടത്ത് വൃത്തിയാക്കിയില്ലെങ്കിൽ മഴയത്ത് ബസ്സ്റ്റാന്റ് പരിസരം ഉഴുതു മറിച്ച പാടം പോലെയ്ക്കുമെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു. സ്റ്റാന്റിൽ കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതും യാത്രക്കാർക്കും ബസ്സ് ജീവനക്കാർക്കും ഏറെ ബുദ്ധി മുട്ടുണ്ടാക്കും. പരിസരത്തെ പൊതു ശൗചാലയം വൃത്തിയാക്കി സൂക്ഷിക്കാത്തതിനാൽ മലമൂത്രവിസർജ്ജനം പുറത്തടക്കം നിറഞ്ഞു കിടക്കുന്നതായും ടോയലറ്റിൽ പോകേണ്ട ആവശ്യവുമായി എത്തിയ സ്ത്രീ യാത്രക്കാരെ സ്റ്റാന്റിനു മുന്നിലെ പെട്രോൾ പമ്പിലേക്ക് പറഞ്ഞു വിടുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറഞ്ഞു. യോഗത്തിലെ ചർച്ചക്കനുസരിച്ച് എല്ലാ ബസ്സുകൾക്കും ഇവിടെ വന്നു പോകാൻ സമയം കിട്ടില്ലെന്നും സമയം ഉള്ള ബസ്സുകൾ മാത്രമേ മുനിസിപ്പൽ ബസ്റ്റാന്റിൽ വരുകയുള്ളൂവെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു. സ്റ്റാന്റിറന് ആർടി എ യുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ യാത്രക്കാർക്കോ, ബസ് ജീവനക്കാർക്കോ അപകടം സംഭവിച്ചാൽ യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കില്ലെന്നും ചില കച്ചവടക്കാർക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിക്കുന്നതെന്നും ടി ഗോപിനാഥൻ പറഞ്ഞു. മതിയായ സൗകര്യങ്ങളും അംഗീകാരവും ലഭിച്ചിട്ട് പോരേ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിക്കാനെന്ന് നാട്ടുകാർ ചോദിക്കുന്നു.