ബസ് സംരക്ഷണ ജാഥക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി. ടി ഗോപിനാഥൻ നയിക്കുന്ന ബസ് സംരക്ഷണ ജാഥക്കു പാലക്കാട് ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി.
സ്വകാര്യ ബസുകളിൽ കയറുന്ന വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കഴിഞ്ഞ 13 വർഷക്കാലമായി നിലനിൽക്കുന്ന ഒരു രൂപ എന്നത് മാറ്റി ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശയനുസരിച്ച് അഞ്ച് രൂപയാക്കി വർദ്ധിപ്പിക്കുക. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന മുഴുവൻ സ്വകാര്യ ബസ്സുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക. മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിൻ്റെയും അനാവശ്യമായ പിഴ ഈടാക്കൽ നടപടി നിർത്തിവയ്ക്കുക.
ഗതാഗത നയം പ്രഖ്യാപിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ബസ് സംരക്ഷണ ജാഥ സ്വീകരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എ എസ് ബേബി അധ്യക്ഷത വഹിച്ചു. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി കെ മൂസ യോഗം ഉദ്ഘാടനം ചെയ്‌തു. സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ നൗഷാദ് ആറ്റുപറമ്പത്ത്, ജാഥ അംഗങ്ങളായ വി.എസ്.പ്രദീപ്. എൻ.വിദ്യാധരൻ, ആർ മണികണ്ഠൻ, സി സുധാകരൻ, എൻ.സി.ഷൗക്കത്തലി, പി.എസ്.രാമദാസ് തുടങ്ങിയവർ സംസാരിച്ചു.