രാജ്യത്തെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടു മാത്രമേ രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതി സാധ്യമാവുകയുള്ളൂ. ഇതിനായി കേന്ദ്രസർക്കാർ തൊഴിലാളിപക്ഷത്ത് നിന്ന് ചിന്തിക്കാനും നയങ്ങൾ രൂപീകരിക്കാനും തയ്യാറാവണമെന്ന് ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ബി എം എസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി എം എസ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പഠിച്ച് നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.പി.എഫ് പെൻഷൻ മിനിമം 5000 രൂപയാക്കുക. അവസാനം വാങ്ങുന്ന ശമ്പളത്തിന്റെ 50% പെൻഷൻ അനുവദിക്കുക. ഇ.പി.എഫ് പരിധി 15000 ത്തിൽ നിന്നും 30000 രൂപയാക്കി വർദ്ധിപ്പിക്കുക.
ഇ എസ് ഐ പരിധി 21000 ത്തിൽ നിന്നും 42000 ആക്കി ഉയർത്തുക. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുക. ഇൻഷുറൻസ് കമ്പനികളിൽ 100 % വിദേശ പങ്കാളിത്ത നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉൾപ്പടെ ഉന്നയിച്ചാണ് ബി എം എസ് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ബി എം എസ് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ വൈസ് പ്രസിഡൻറ്മാരായ എം.ഗിരീഷ്, വി.ശിവദാസ് , ജില്ലാ ട്രഷറർ വി. ശരത്,ജോ.സെക്രട്ടറിമാരായ ശശി ചോറോട്ടൂർ,രാജേഷ് ചെത്തല്ലൂർ,പി.കെ. ബൈജു,സംസ്ഥാന സമിതി അംഗങ്ങളായ എസ്.രാജേന്ദ്രൻ, കെ. സുധാകരൻ,എസ്.അമർനാഥ് എന്നിവർ സംസാരിച്ചു.