പാലക്കാട് : എലപ്പുള്ളിയിൽ ഓയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ സംസ്ഥാന സർക്കാർ പുതിയ പുതിയതായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന മദ്യനിർമ്മാണ യൂണിറ്റ് സമൂഹത്തിന് വലിയ വിപത്തായി തീരുമെന്ന് പാലക്കാട് രൂപതയുടെ അദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ അഭിപ്രായപ്പെട്ടു. ജലക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന പാലക്കാട് എലപ്പുള്ളി മേഖലയിൽ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിച്ച് മദ്യനിർമാണം ആരംഭിച്ചാൽ അത് പ്രദേശത്തെ നിലവിലുള്ള കുടിവെള്ളക്ഷാമം രൂക്ഷമാക്കും. മാത്രമല്ല കാർഷിക ആവശ്യത്തിനുള്ള വെള്ളത്തിൻറെ ലഭ്യതയ്ക്കും വലിയ തോതിൽ കുറവൂ വരുത്തും. കഴിഞ്ഞ വർഷങ്ങളിൽ മലമ്പുഴ ഡാമിലെ വെള്ളം കൃഷി ആവശ്യത്തിന് വേണ്ടത്ര വിട്ടു നൽകാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു. അവിടെ നിന്നും ഇത്ര വലിയ ഒരു ഇൻഡസ്ട്രിയിലേക്ക് കൂടി ഭീമമായ അളവിൽ വെള്ളം കൊണ്ടുപോകുന്ന സാഹചര്യമുണ്ടായാൽ അത് ഒരു നാടിനെ അതി കഠിനമായ വരൾച്ചയിലേക്ക് തള്ളിവിടുകയായിരിക്കും ചെയ്യുന്നത്. ഘട്ടം ഘട്ടമായി ലഹരി ഉപയോഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട് വളരെ വേഗത്തിൽ കേരളത്തിലെ മദ്യത്തിന്റെ ലഭ്യത വർദ്ധിക്കുന്ന രീതിയിലുള്ള സംസ്ഥാന സർക്കാരിൻറെ നീക്കം ദുരുഹവും പ്രതിഷേധാർഹവുമാണ് കാർഷികവിളകളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്നത് വഴി കർഷകരെ സഹായിക്കാം എന്ന വാഗ്ദാനം എതിർപ്പ് ഒഴിവാക്കാനുള്ള ഒരു ഗൂഢതന്ത്രമാണ്. മദ്യശാലനിർമ്മാണത്തിൻ്റെ നാലാം ഘട്ടത്തിൽ മാത്രമാണ് ധാന്യങ്ങളും വിളകളും പഴവർഗ്ഗങ്ങളും ഇതിനായി ഉപയോഗിച്ചു തുടങ്ങുക എന്ന കമ്പനിയുടെ പ്രസ്താവാനായിൽ നിന്ന്, അതിനുമുമ്പ് തന്നെ രാസമദ്യ നിർമ്മാണമാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം. കൃഷിക്കാരെ സഹായിക്കാനുള്ള പദ്ധതി ആയിരുന്നെങ്കിൽ വന്യമൃഗശല്യം ഇല്ലാതെ കൃഷി ചെയ്യാനും കൃഷി ആവശ്യത്തിനായി ജലത്തിൻറെ ലഭ്യത ഉറപ്പാക്കാനും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യാനുമുള്ള സാഹചര്യമാണ് സർക്കാർ ഉറപ്പാക്കേണ്ടിയിരുന്നത്. ഒപ്പം തന്നെ ഇപ്രകാരം കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ന്യായമായ വില നൽകി സംഭരിക്കാനോ വിപണി കണ്ടെത്താനോ കർഷകരെ സഹായിക്കുകയും വേണം. വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന് പറയുമ്പോഴും ലഹരിക്ക് അടിമപ്പെട്ട് ഓരോ വർഷവും നമ്മുടെ സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ ആപത്കരമായി വർധിച്ചുവരുന്നു എന്നതുകൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു. കർഷകരെ സഹായിക്കാനെന്ന വ്യാജന എന്തെങ്കിലുമൊക്കെ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട്, സമൂഹത്തിന് വലിയ വിപത്തായി തീർന്നേക്കാവുന്ന മദ്യനിർമ്മാണ യൂണിറ്റ് എലപ്പുള്ളിയിൽ സ്ഥാപിക്കുന്നത്, സർക്കാർ തീരുമാനം പിൻവലിക്കുന്നതുവരെ ജനപങ്കാളിത്തത്തോടെ ശക്തമായി എതിർക്കുമെന്ന് പാലക്കാട് പാസ്റ്ററൽ സെൻററിൽ കൂടിയ വിവിധ സംഘടനകളായ മദ്യവിരുദ്ധ സമിതി, എ കെ സി സി, മാതൃവേദി, വിൻസെന്റ് ഡി പോൾ, കെസിവൈഎം എന്നിവയുടെ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. പാലക്കാട് രൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജീജോ ചാലക്കൽ യോഗത്തിന് സ്വാഗതവും പി ആർ ഓ ഫാ: ജോബി കാച്ചപ്പിള്ളി നന്ദിയും പറഞ്ഞു.