മലിന ജലവും ചെളിവെള്ളവും: ജില്ലാ ശുപത്രിയിലെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിക്കു മുമ്പിൽ കൊതുകുവളർത്തൽ കേന്ദ്രം

പാലക്കാട്: ചെളിവെള്ളവും ഓടയിൽ നിന്നുള്ള മലിനജലവും റോഡിലെ കുഴിയിൽ കെട്ടി നിന്ന് കൊതുകുശല്ല്യം വർദ്ധിക്കുന്നതായി പരാതി. ജില്ലാശുപത്രിയുടെ പുറകിലുള്ള സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിക്കുന്നിലാണ് ഈ വെള്ളക്കെട്ട്. ജില്ലാശുപത്രിക്കു പുറകിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജെസിബിയും ടിപ്പറും കടന്ന് പോയ്ക്കൊണ്ടിരിക്കുന്നതിനാൽ ഓടക്കു മുകളിലെ സ്ലാബുകൾ തകർന്ന് ഓടയിൽ കിടക്കുന്നതിനാൽ മലിനജലം ഓടയിൽ നിന്നും റോഡിലേക്കാണ് ഒഴുകുന്നത്. ചിലപ്പോൾ കക്കൂസ് മാലിന്യമടക്കം ഓടയിൽ കിടക്കുന്നതു കാണാമെന്ന് ഈ വഴിയിലൂടെ പോകുന്ന സ്ഥിരം യാത്രക്കാർ പറയുന്നു. പ്രസവിച്ചു കിടക്കുന്ന യുവതികളേയും കുഞ്ഞിനേയും കൊതുകുകൾ പട്ടാപകൽ പോലും ആക്രമിക്കുകയാണെന്ന് പറയുന്നു.

പലതരം രോഗികൾ കിടക്കുന്ന ആശുപത്രിയിലെ മലിനജലം പുറത്തേക്കൊഴുകുന്നത് സാംക്രമീക രോഗങ്ങൾ പരിസരത്ത് പടരുമെന്ന ഭീതിയിലാണ് ജനങ്ങൾ. വീടുകളിലെ മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നവർക്ക് പിഴയും വീട്ടിൽ തന്നെ മലിനജലം നിറക്കാനുള്ള കുഴി നിർമ്മിക്കാനുള്ള നിർദ്ദേശം നൽകുന്ന പതിവ് പഞ്ചായത്തുകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും നഗരസഭയിലെ ആരോഗ്യവകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണെന്നും നാട്ടുകാർ പറഞ്ഞു.