പരമ്പരാഗത ശൈലിയിലുള്ള പ്രോസിക്യൂഷൻ സംവിധാനങ്ങൾ ലോകത്തിലെമ്പാടും മാറിവരുകയാണെന്നും കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനം ക്രിമിനൽ നീതി മേഖലയിൽ പൊതു വിശ്വാസം ഉറപ്പാക്കാൻ സഹായിക്കുമെന്നും പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. പ്രേംനാഥ് അഭിപ്രായപെട്ടു. ഇന്റർനാഷണൽ പ്രോസീക്യൂട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലണ്ടനിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ കുറ്റകൃത്യങ്ങൾക്കെതിരെ പരമ്പരാഗത ശൈലിയിൽ നിന്ന് വിഭിന്നമായുള്ള സംവിധാനങ്ങളെ കുറിച്ചുള്ള സെമിനാരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ക്രിമിനൽ നീതി സംവിധാനം, മയക്കു മരുന്ന്, ഗാർഹിക, സൈബർ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് അറിവും അവബോധവും നൽകുകയും കുറ്റകൃത്യങ്ങൾ തടയുകയുമാണ് കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനത്തിന്റെ പ്രത്യകത. വിവിധ സർക്കാർ ഏജൻസികളുടെയും സർക്കാർ ഇതര സാമൂഹ്യ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറക്കുകയാണ് കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനത്തിന്റെ ഉദ്ദേശം.
ഇതിന്റെ ഭാഗമായി പ്രോസിക്യൂട്ടർമാർ വിദ്യാലയങ്ങളിലും റെസിഡന്റ്സ് അസോസിയേഷൻ, പൊതുജന കൂട്ടായ്മകളും സന്ദർശിച്ച് അവബോധ പ്രവർത്തനങ്ങൾ നടത്തും.
കാനഡ ഡെപ്യൂട്ടി ആറ്റോർണി ജനറൽ കാത് ലീൻ റൗസ്സലിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാരിൽ നോർത്തേൺ അയർലൻഡ് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ സ്റ്റീഫൻ ഹെറോൺ, യു. എൻ. സെക്യൂരിറ്റി കൗൺസിൽ കൌണ്ടർ ടെററിസം മേധാവി ഡേവിസ് സ്കറിയ, സിർകാസ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജീൻ ഫ്രാങ്കോയിസ് തോനി,ഇംഗ്ലണ്ട് ഡെപ്യൂട്ടി ചീഫ് ക്രൗൺ പ്രോസിക്യൂട്ടർ റോബിൻ വെയൽ, യു.എസ്സ്. ലീഗൽ അറ്റാഷേ കെൻ കോഹി, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസിക്യൂട്ടേഴ്സ് പ്രസിഡന്റ് ജുവാൻ ബൗടിസ്ടാ മാഹിക്യുസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: ഇന്റർനാഷണൽ പ്രോസീക്യൂട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലണ്ടനിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. പ്രേംനാഥ് കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുന്നു.