— ജോസ് ചാലയ്ക്കൽ —
മലമ്പുഴ:അപകടകരമായി റോഡിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം റോഡിലെ വളവിലാണ് ഈ പോസ്റ്റ് നിൽക്കുന്നത്.റോഡ് വീതി കൂട്ടിയപ്പോൾ റോഡിൻ്റെ ഏകദേശം നടുവിലായി പോസ്റ്റിൻ്റെ സ്ഥാനം.മലമ്പുഴ ഡാം സന്ദർശിച്ചു വരുന്ന വിനോദ സഞ്ചാരികളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്.അഞ്ച് വർഷങ്ങൾക്കു മുമ്പ് ഈ പോസ്റ്റിലിടിച്ച് അപകടം പറ്റിയ ഒരു ഇരുചക്രവാഹന യാത്രികനായ യുവാവ് മരിച്ചിരുന്നു.കഴിഞ്ഞ മാസം കുട്ടികളടക്കം യാത്ര ചെയ്തിരുന്ന കാറും പോസ്റ്റിൽ ഇടിച്ച് അപകടം പറ്റിയിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ബുധനാഴ്ച്ച രാത്രി പത്തരക്ക് കാറ് ഇടിച്ച് നിശ്ശേഷം തകർന്നു. എയർ ബാഗ് കൃത്യമായി പ്രവർത്തിച്ചതിനാൽ യാത്രക്കാരായ പാലക്കാട് മേപറമ്പു് സ്വദേശികളായ രണ്ടു യുവാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.വർഷങ്ങളായിട്ടുള്ള പരാതികളുടേയും മാധ്യമ വാർത്തകളുടേയും പ്രതിഷേധങ്ങളുടേയും അടിസ്ഥാനത്തിലാണ് പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടി ആയതെന്നു് നാട്ടുകാർ പറഞ്ഞു.ശനിയാഴ്ച്ച, പോസ്റ്റ്മാറ്റൽ പ്രവർത്തികൾ പൂർത്തിയാകുമെന്നു് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ചിത്രം:പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 10.30 ന്പോസ്റ്റിലിടിച്ചു തകർന്ന കാർ മൂടിയിട്ടിരിക്കുന്നതും കാണാം.