സ്വന്തം അനുഭം അഭ്രപാളിയിലേക്ക് പകർത്തിയ യുവസംവിധായകൻ.

—- ജോസ് ചാലയ്ക്കൽ —-


ക്ഷമയുടേയും സഹനത്തിൻ്റെയും മൂർധന്യത്തിൽ തൻ്റേയും തൻ്റെ സുഹൃത്തുക്കളുടേയും സിനിമാ മോഹം പൂവണിഞ്ഞ സന്തോഷത്തിലും ആത്മസംതൃപ്തിയിലുമാണ് യുവ സംവിധായകൻ ഹുസൈൻ ആറാണി. സിനിമാ മോഹം പൂവണിയുമ്പോൾ തങ്ങളുടെ അനുഭവം തന്നെ കഥയാവട്ടെ എന്നു കരുതിയതായി നിർമ്മാതാവും തിരക്കഥാകൃത്തും കൂടിയായ ഹുസൈൻ ആറാണി പറഞ്ഞു. കള്ളന്മാരുടെ വീട് എന്ന സിനിമയുടെ എഡിറ്റിങ്ങ് റൂമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസവവേദന അനുഭവിച്ച് കുഞ്ഞിനെ പ്രസവിച്ചപ്പോൾ അമ്മക്കുണ്ടാകുന്ന സന്തോഷമാണ് ഞങ്ങൾക്കും ഉണ്ടായത്. പക്ഷെ ഒരു വ്യത്യാസമുണ്ട്, അമ്മക്ക് പത്തു മാസം മാത്രമേ അനുഭവിക്കേണ്ടി വരുന്നുള്ളൂ എന്നാൽ ഞങ്ങൾ വർഷങ്ങളോളം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അപമാനങ്ങളും സഹിച്ചതിൻ്റെ ഫലമാണ് ഈ സിനിമയെന്ന് പറയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറയുന്നതു കാണാം.

ഒരു സിനിമ മുടങ്ങിയതിൻ്റെ ആഘാതത്തിൽ നിന്നും മോചിതനായാണ് ഈ സിനിമയുമായി എത്തുന്നത്. വളരെ ലൊ-ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രണ്ടു ദിവസം മുമ്പാണ് പ്രധാന ടെക് നിഷ്യൻ ഈ പ്രൊജക്ടിൽ നിന്നും പിൻമാറുന്നത്. മറ്റൊരാളെ കണ്ടെണ്ടത്തുക ശ്രമകരമായിരുന്നെങ്കിലും സാധിച്ചു.25 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എഡിറ്റിങ്ങ് ജോലികൾ നടന്നു വരുന്നു സിനിമാ ഫീൽഡിൽ സെൻ്റിമെൻറ് പാടില്ലെന്ന് മനസ്സിലാക്കാൻ സാധിച്ചതായി ഹുസൈൻ ആറാണി, തൻ്റെ അനുഭവങ്ങളിൽ നിന്നും പറയുന്നു. അത് തുറന്നു പറഞ്ഞാൽ പലർക്കും വേദനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നന്ദികേടിൻ്റെ കേന്ദ്രമാണ് സിനിമാരംഗമെന്നും കൂട്ടിച്ചേർത്തു.

പഴയ മോഡൽ കള്ളന്മാരും ന്യൂജൻ ഡിജിറ്റൽ കള്ളന്മാരും ചേർന്ന രംഗങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കോമഡിയും സ്റ്റണ്ടും ഒക്കെയായി നല്ലൊരു ഫാമിലി എൻ്റെർടൈമൻ്റാണ് ഈ സിനിമയെന്ന് സംവിധായകൻ പറയുന്നു. ഈ ചിത്രത്തിനു ശേഷം “കള്ളന്മാരുടെ നാട് ” എന്ന സിനിമയെടുക്കാനാണ് ഉദ്ദേശമെന്നും മലമ്പുഴയിലെ എസ് പി ലൈനാണ് അതിൻ്റെ ലൊക്കേഷനാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഹുസൈൻ ആറാണി പറഞ്ഞു.