ആളിയാർ വെള്ളം ലഭിക്കാത്തത് കെ.കൃഷ്ണൻകുട്ടിയുടെ പിടിപ്പുകേട് ; സുമേഷ് അച്യുതൻ

ചിറ്റൂർ: കുടിവെള്ളത്തിനും ഒന്നാം വിളയിറക്കാനും ചിറ്റൂർ മേഖല അനുഭവിക്കുന്ന ജലദൗർബല്യം കെ.കൃഷ്ണൻകുട്ടിയുടെ പിടിപ്പുകേടു മൂലമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പറമ്പിക്കുളം- ആളിയാർ കരാർ പ്രകാരം മേയ് മാസത്തിൽ കേരളത്തിനു ലഭിക്കേണ്ട വെള്ളത്തിനായി മന്ത്രിയായിട്ടു പോലും കെ.കൃഷ്ണൻകുട്ടി ഒന്നും ചെയ്തില്ല. ഞാറ്റടി തയ്യാറാക്കിയ കർഷകർക്ക് വെള്ളമില്ലാത്തതിനാൽ ഒന്നാം വിള ഉപേക്ഷിക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്. ചിറ്റൂർ പുഴയിലെ കുടിവെള്ള പദ്ധതികൾക്കായി മാസങ്ങളായി തടയണയിൽ കെട്ടി നിൽക്കുന്ന വെള്ളം റേഷനിങായാണ് വിതരണം. ആവശ്യത്തിനു ലഭിക്കാത്തതിനു പുറമെ ഗുണനിലവാരമില്ലാത്ത വെള്ളമാണ് വിതരണം ചെയ്യുന്നത്. പ്രളയവും അമിത മഴയും ഉണ്ടായപ്പോൾ ടാങ്കർ ലോറിയിൽ കുടിവെള്ളം കൊടുക്കുന്നത് നിർത്തിയത് സർക്കാർ നേട്ടമെന്ന് പറഞ്ഞവർക്കാണ് ഇപ്പോഴത്തെ ജലക്ഷാമത്തിൻ്റെ ഉത്തരവാദിത്വം. മേയ് അവസാനത്തിലും ആളിയാർ ഡാമിൽ ചെളിയെടുപ്പ് നടത്തുന്നത് കേരള സർക്കാരിൻ്റെ പരാജയമാണ്.ജനദ്രോഹ – കർഷകദ്രോഹ സർക്കാരിൻ്റെ പിടിപ്പുകേടിനെതിരെ സമരം നടത്തുമെന്നും സുമേഷ് അച്യുതൻ അറിയിച്ചു.