പട്ടാമ്പി: കൊയ്ത്തു കഴിഞ്ഞിടങ്ങളിലും ഇതുവരെ വിതക്കാത്ത പാടങ്ങളിലും പൊടിവിതക്കുള്ള തയ്യാറെടുപ്പുകളായി. ഇതിന്റെ ഭാഗമായി ട്രാക്ടര്‍ ഉപയോഗിച്ച് വയലുകളില്‍ ഉഴുത് തയ്യാറാക്കുന്നുണ്ട്. മേടമാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെയാണ് പൊടി വിത നടത്തുക. നേരത്തെ വേനല്‍ മഴ ലഭിക്കുന്നമുറക്കായിരുന്നു ഉഴുത് തയ്യാറാക്കുക. ഇത്തവണ പാടത്ത് വേണ്ടത്ര ഈര്പ്പമുളളതാണ് നേരത്തെ ഉഴുത് മറിക്കാന്‍ കാരണമായത്.പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ ചൂട് തുടങ്ങിയിട്ടുണ്ടെങ്കിലും കുംഭത്തിലെ മഴ ലഭിക്കുമെന്ന് പ്രതീഷിച്ചെങ്കിലും അതുണ്ടായില്ല. അടുത്ത വേനല്‍ മഴ ലഭിക്കുന്നതോടെ വീണ്ടും ഉഴുത് മറിച്ച് വളപ്പൊടികളും മറ്റും ഇട്ട് പൊടിവിതക്കായി തയ്യാറാക്കും. മേടമാസത്തില്‍ ലഭിക്കുന്ന നല്ല മഴയോടെ പടിഞ്ഞാറന്‍ മേഖലയില്‍ പൊടിവിത തുടങ്ങും. കാലാവസ്ഥ അനുകൂലമായാല്‍ സാധാരണ വിഷുവിന് മുന്‍മ്പ് പൊടി വിത നടത്താറാണ് പതിവ്. എടവപ്പാതിയില്‍ ലഭിക്കുന്ന മഴയോടെ പൊടിവിതപാടങ്ങളിലെ നെല്ലിന് മുള പൊട്ടി തുടങ്ങും. മൂപ്പ് കൂടിയ പഴയ ഇനം വിത്തായ ചേറ്റാടിയാണ് പൊടിവിതക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്നത് .പൊടിവിതക്കുളള വിത്തുകള്‍ കൃഷി ഭവനുകളില്‍ എത്തിയിട്ടില്ല. വെളളം കെട്ടി നില്ക്കുന്ന സ്ഥലങ്ങളിലാണ് സാധാരണ പൊടി വിത നടത്തുന്നത്. ഇത്തരത്തില്‍ പൊടി വിത നടത്തുന്ന പാടങ്ങളില്‍ നെല്‍ച്ചെടികള്‍ ഓല വലുതായാല്‍ മൂന്ന് തവണ ഓല വെട്ടി നീക്കേണ്ടതുണ്ട്. സാധാരണ കര്‍ഷക തൊഴിലാളികളാണ് ഓല വെട്ടാറുളളത്. ഇപ്പോള്‍ പുല്ല് വെട്ട് മിഷന് ഉപയോഗിച്ചാണ് ഓല വെട്ടുന്നത്.