ഇടതു സർക്കാർ ബ്ലേഡ് പലിശക്കാരെപ്പോലെ കൊള്ള നടത്തുന്നു: കെ എസ് ടി എംപ്ലോയീസ് സംഘ്

കെ എസ് ആർ ടി സി യുടെ ഏറ്റവും വരുമാനമുള്ള 4 ഡിപ്പോകൾ കള്ള കണക്കുണ്ടാക്കി കെ ടി ഡി എഫ് സി ക്ക് തീറെഴുതി നൽകാനുള്ള ഇടതു സർക്കാർ നീക്കം കൊള്ളപ്പലിശക്കാരെ ഓർമ്മിപ്പിക്കുന്നതാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.സർക്കാർ രൂപീകരിച്ച ബാങ്കിംഗ് കൺസോർഷ്യത്തിലൂടെ കെ എസ് ആർ ടി സി യുടെ എല്ലാ കടങ്ങളും ഏകീകരിച്ചിട്ടും പിന്നേയും കെ ടി ഡി എഫ് സി യിൽ കടമുണ്ടെന്ന വാദം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും ഇത് കെ എസ് ആർ ടി സി യുടെ കണ്ണായ ഭൂസ്വത്ത് തട്ടിയെടുക്കാനുള്ള ഇടതു നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ടി സി യുടെ കട- ജഡ ഭാരം ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ ഇടതു സർക്കാർ സ്ഥാപനത്തെ കടക്കെണിയിലാക്കി ജഡമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് ആർ ടി സി യുടെ തിരുവനന്തപുരം, അങ്കമാലി, തിരുവല്ല, കോഴിക്കോട് ഡിപ്പോകൾ കെ ടി ഡി എഫ് സിക്ക് തീറെഴുതാനുള്ള ഇടതു നീക്കത്തിനെതിരെ പാലക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൽ. രവിപ്രകാശ് സ്വാഗതവും എസ്. സരേഷ് നന്ദിയും പറഞ്ഞു. സി.രാജഗോപാൽ, സി.കെ.സുകുമാരൻ , നാഗനന്ദകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.