ഉണ്ണിക്കുട്ടൻ – കഥ

കഥ രചന അജീഷ് മുണ്ടൂർ

ദാരിദ്രം പടി കയറി വന്നപ്പോൾ അന്ധകാരത്തിലായി ഉണ്ണിക്കുട്ടന്റെ ലോകം.മൂട് കീറിയ വള്ളിട്രൗസറിട്ട് നാട്ടുവഴിയിലൂടെ നടന്നു പോകുമ്പോൾ സമൂഹം അവനെ കളിയാക്കി ചിരിച്ചു. അച്ഛനമ്മമാരുടെ തണലിൽ ജീവിക്കുന്ന കുട്ടികളെ അസൂയയോടെയാണ് അവൻ നോക്കിയത്.
വീട്ടുവളപ്പിലെ പറങ്കിമൂച്ചി പൂത്തപ്പോൾ ഉണ്ണിക്കുട്ടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
വർഷങ്ങൾക്ക് മുൻപ് അവന്റെ അച്ഛൻ നട്ടതാണ് ആ പറങ്കിമൂച്ചി. തണൽ വിരിച്ച് നിൽക്കുന്ന പറങ്കിമൂച്ചിയുടെ ഉച്ചിയിലെ കൊമ്പിലിരുന്ന് അവന്റെ അച്ഛൻ അവനെ കാണുന്നുണ്ടാകും. അവന്റെ നൊമ്പരങ്ങളെല്ലാം അറിയുന്നുണ്ടാകും.
തുടുതുടത്ത പറങ്കിപ്പഴം നിലത്ത് വീണപ്പോൾ ഉണ്ണികുട്ടൻ ഓടിച്ചെന്നെടുത്ത് ആർത്തിയോടെ തിന്നു തീർത്തു.ചുണ്ടിലും,മാറിലും പറ്റിപ്പിടിച്ച് കിടക്കുന്ന പറങ്കിപ്പഴത്തിന്റെ നീര് അവൻ തന്റെ മുഷിഞ്ഞ ഷർട്ടിന്റെ തുമ്പ് കൊണ്ട് തുടച്ചെടുത്തു. തോടിന്റെ വക്കത്തുള്ള കണിക്കൊന്ന പൂത്തപ്പോൾ ഉണ്ണിക്കുട്ടൻ
ഈ ലോകത്തോട് വിളിച്ചു പറഞ്ഞു. “വിഷു വന്നാൽ . വിഷു പക്ഷികൾ പാടും. എന്റെ അമ്മ എനിക്ക് കൈനീട്ടം തരും” കഴിഞ്ഞ കൊല്ലം കൊന്നപ്പൂവ് പറിക്കാൻ
കൊന്നമരത്തിൽ കയറിയപ്പോൾ ഒരു കൂട്ടം പുളി ഉറുമ്പുകൾ ഉണ്ണിക്കുട്ടനെ ആക്രമിച്ചു. എന്നിട്ടും അവൻ കൊന്നമരക്കൊമ്പിൽ നിന്നും പിടി വിട്ടില്ല. മാങ്ങ കാലത്ത് മാങ്ങ കച്ചവടവും, ചക്ക കാലത്ത് ചക്ക കച്ചവടവും, പറങ്കിയണ്ടി കാലത്ത് പറങ്കിയണ്ടി കച്ചവടവും, ചെയ്ത് ജീവിക്കുന്ന ആളാണ് കുഞ്ഞിക്ക. കുഞ്ഞിക്കയുടെ കയ്യിൽ
ഒരു പഴഞ്ചൻ ഒരു വണ്ടി സൈക്കളുണ്ട്. ആ സൈക്കിൾ ചവിട്ടാൻ ഉണ്ണിക്കുട്ടൻ ഏറെ ആഗ്രഹിച്ചിരുന്നു. നാട്ടുവഴിയിലുടെ സൈക്കിൾ ചവിട്ടി വരുന്ന കുഞ്ഞിക്ക ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. “പറങ്കിയണ്ടി കൊടുക്കാനുണ്ടോ പറങ്കിയണ്ടി ?” കാലം മറിയിട്ടും നാടിന്റെ കോലം മാറിയിട്ടും കുഞ്ഞിക്കക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.
സഞ്ചി നിറയെ പറങ്കിയണ്ടിയുമായി വഴിയോരത്ത് കാത്തുനിന്ന ഉണ്ണിക്കുട്ടനോട് കുഞ്ഞിക്ക ചോദിച്ചു.
“എത്രണ്ട്..?

തുരുമ്പിച്ച തുലാസിലിട്ട് കുഞ്ഞിക്ക പറങ്കിയണ്ടി തൂക്കിയപ്പോൾ അഞ്ച് കിലോ ഉണ്ടായിരുന്നു. ഒരു കിലോ പറങ്കിയണ്ടിക്ക് നാൽപ്പത് രൂപയാണ് വില. പോക്കറ്റിൽ പണം വീണപ്പോൾ രണ്ടാമതൊന്നും ചിന്തിക്കാൻ നിൽക്കാതെ ഉണ്ണിക്കുട്ടൻ കൂട്ടുമൊക്കിലെ മാരിയപ്പൻ ചെട്ടിയാരിന്റെ തുണിക്കടയിലേക്ക് ഓടി. അവിടെ നിന്നും അവൻ തീരെ വിലക്കുറവുള്ള ഒരു സാരി വാങ്ങിച്ചു. അവന്റെ അമ്മയ്ക്ക് വേണ്ടിയാണ് അവൻ ആ സാരി വാങ്ങിച്ചത്. ഒന്ന് രണ്ട് സാരികൾ മാത്രം സ്വന്തമായുള്ള അവന്റെ അമ്മ അവന് വേണ്ടി മാത്രമാണ് ജീവിക്കുന്നത്.
പിന്നീട് അവൻ ചാവക്കാടന്റെ കടയിലേക്കാണ് ഓടിയത് അവിടെയിരിക്കുന്ന
വെള്ളരിക്കയും,മുന്തിരിയും, ഉണ്ണിക്കുട്ടനെ കൊതിപ്പിച്ചു. തൊട്ടാൽ പൊള്ളുന്ന വിലയാണ് പടക്കങ്ങൾക്ക്. എന്നിട്ടും ആളുകൾ മുന്നൂറും, അറുന്നൂറും,ആയിരവും രൂപ
കൊടുത്ത് പഴങ്ങളും,പടക്കങ്ങളും വാങ്ങി. മിച്ചം വന്ന പണം മുഴുവനും കൊടുത്ത്
ഉണ്ണികുട്ടനും ചാവക്കാടന്റെ കടയിൽ നിന്നും മത്താപ്പും,പൂത്തിരിയും, വാങ്ങി.
സഞ്ചിയിലാക്കി. പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ,നിറഞ്ഞ മനസോടെ ഉണ്ണിക്കുട്ടൻ വീട്ടിലേക്ക് ഓടി.