ജോജി തോമസ്
നെന്മാറ: പനനൊങ്ക് വിളവെടുപ്പ് സീസൺ ആയതും വേനൽ ചൂട് ആരംഭിച്ചതും പനനൊങ്കിന് ആവശ്യക്കാരേറെയായി. നെല്ലിയാമ്പതി സന്ദർശനത്തിനെത്തുന്ന മറ്റു ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പാലക്കാടൻ തനിമയാർന്ന പനനൊങ്കിന് ആവശ്യക്കാരായി ഏറെയുള്ളത്. പെൺ കരിമ്പനകളിൽ നിന്ന് ശേഖരിക്കുന്ന മധുരമുള്ള നൊങ്കിന് കരിക്ക് വിൽക്കുന്ന പോലെ പാതയോരത്ത് കൂട്ടിയിട്ട് വിൽക്കുന്നതാണ് രീതി. നെന്മാറ – നെല്ലിയാമ്പതി റോഡരികിലാണ് പനനൊങ്ക് കച്ചവടം സജീവമായിരിക്കുന്നത്. ഒരു നൊങ്കിന് 30 രൂപയാണ് വില ഈടാക്കുന്നത്. നൊങ്ക് ചെത്തി കണ്ണുകൾ മാത്രമായി പ്ലാസ്റ്റിക് കവറിൽ ഇട്ടു നൽകുകയാണ് വ്യാപാരികൾ ചെയ്യുന്നത്. ടൂറിസ്റ്റ് വാഹനങ്ങളിൽ വരുന്നവർ കൂട്ടത്തോടെ വാങ്ങി കൊണ്ടുപോകുന്നുമുണ്ട്. കൊഴിഞ്ഞാമ്പാറ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, പൊള്ളാച്ചി തുടങ്ങി തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് തെങ്ങ് ഇളനീരിനൊപ്പം കരിമ്പന നൊങ്ക് വ്യാപാരികൾക്ക് എത്തിച്ചുകൊടുക്കുന്നത്. ശനി, ഞായർ തുടങ്ങിയ അവധിദിവസങ്ങളിലാണ് കൂടുതൽ കച്ചവടം നടക്കുന്നതെന്ന് വ്യാപാരിയായ ഗോവിന്ദാപുരം സ്വദേശി മുരുകേശൻ പറഞ്ഞു. തമിഴ്നാട്ടിലെ കരിമ്പനകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഒരു പനയ്ക്ക് 300 രൂപ പാട്ടം നൽകിയാണ് വ്യാപാരികൾ നൊങ്ക് ശേഖരിക്കുന്നത്. വർഷത്തിൽ അഞ്ചു മാസത്തോളം നൊങ്ക് ലഭിക്കുമെന്നും എല്ലാ മാസവും നൊങ്ക് കുലകൾ കയർ കെട്ടി താഴെ വീണ് പൊട്ടിനാശമാകാതെ ഇറക്കിയാണ് കച്ചവടത്തിനായി സംഭരിക്കുന്നത്. വെട്ടി ഇറക്കിയ പനനൊങ്ക് പത്തുദിവസത്തോളം കേടുകൂടാതെ സൂക്ഷിച്ച് വിൽപന നടത്താൻ കഴിയുമെന്നും പറയുന്നു.