മുഖ്യമന്ത്രി വാക്കുപാലിക്കുക: കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

കെ എസ് ആർ ടി സി യിലെ അംഗീകൃത യൂണിയനുകളും മാനേജ്മെൻറ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും പതിനൊന്നാം തിയതി ആയിട്ടും ഡിസംബർ മാസത്തെ ശമ്പളം നൽകിയിട്ടില്ല. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും നടക്കുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസംബർ മാസത്തിൽ സർവ്വകാല റെക്കോർഡ് ആയ 242 കോടി രൂപ വരുമാനം നേടിയിട്ടും ജീവനക്കാരന് ശമ്പളം നൽകാതെ പീഡിപ്പിക്കുന്ന ഇടതു സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ലെന്നും പണിയെടുത്തവന് ശമ്പളം കൊടുക്കാത്ത ജനാധിപത്യ വിരുദ്ധതക്കെതിരെ കെ എസ് ആർ ടി സിയിലെ മുഴുവൻ തൊഴിലാളികളേയും അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് കെ എസ് ടി എംപ്ലോയീസ് സംഘ് നേതൃത്ത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് എൻ.കാളിദാസ് അദ്ധ്യക്ഷത വഹിച്ചു.പി പ്രമോദ്, ചന്ദ്രപ്രകാശ്, സി.എസ്.സുനിൽകുമാർ,ആർ.ശിവകുമാർ, സുദേവൻ, പ്രദീപ്കുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്ത്വം നൽകി.