പാലക്കാട് : നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട ആദ്യം സംസാരിച്ചതിനു ശേഷം പൊതു ചർച്ച എന്ന വാദം തള്ളിക്കൊണ്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ആദ്യം പൊതു ചർച്ച, പിന്നീട് അജണ്ട ചർച്ച എന്നായിരുന്നു പ്രതിപക്ഷത്തിന് വാദം.എന്നാൽ ആദ്യം അജണ്ട എന്ന് ഭരണപക്ഷവും ആദ്യം പൊതു ചർച്ച എന്ന് പ്രതിപക്ഷവും വാശിപിടിച്ച് ഏറെ നേരം പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് വാഗ്വാദo തുടങ്ങി. ഒടുവിൽ പ്രതിപക്ഷത്തിന് അനുകൂലമായി ചെയർപേഴ്സൺ പൊതു ചർച്ച ആരംഭിക്കാൻ അനുമതി നൽകി. അതോടെ ആക്ഷേപങ്ങളും ആരോപണങ്ങളുമായി പ്രതിപക്ഷം ആഞ്ഞടിച്ചു. റിലയൻസ് കമ്പനിക്കാർ പാലക്കാട് നഗരത്തിൽ കുഴികൾ കുഴിക്കുകയും പോസ്റ്റുകൾ നാട്ടുകയും ചെയ്യുന്നത് അനധികൃതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാത്രി 10 മണിക്ക് ഒക്കെയാണ് അവർ കുഴികളും പോസ്റ്റും നാട്ടുന്നതെന്ന് ആരോപണം ഉയർന്നു. കഴിഞ്ഞദിവസം വെണ്ണക്കരയിൽ കുഴികൾ കുഴിക്കുമ്പോൾ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പ്രദേശത്തെ കൗൺസിലർ ചോദ്യം ചെയ്തപ്പോൾ നഗരസഭാ സെക്രട്ടറിയുടെ അനുമതിക്കത്ത് റിലയൻസ് ഉദ്യോഗസ്ഥർ കൗൺസിലറെ കാട്ടിക്കൊടുത്തു. ഉടൻതന്നെ കൗൺസിലർ പോലീസുമായി ബന്ധപ്പെട്ടുവെങ്കിലും പോലീസ് വന്ന് ഇന്നത്തെ പണി ചെയ്യട്ടെ ബാക്കി നാളെ നോക്കാം എന്ന് പറഞ്ഞു പോയതായി കൗൺസിലർ ആരോപിച്ചു. എന്നാൽ ടെലികോം വകുപ്പിനും വാട്ടർ അതോറിറ്റിക്കും കുഴിയെടുക്കാനും കേബിൾ ഇടാനും പൈപ്പുകൾ ഇടാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് വൈസ് ചെയർമാൻ അറിയിച്ചു ഈ സാഹചര്യത്തിൽ അനുമതിയില്ലാത്ത എത്ര പോസ്റ്റുകൾ ,കുഴികൾ ഉണ്ടെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട ചുമതല അതാത് വാർഡ് കൗൺസിലർമാർക്കും നഗരസഭയിലെ ഉദ്യോഗസ്ഥന്മാർക്കും ആണ് ഉള്ളത് എന്ന് വൈസ് ചെയർമാൻ മറുപടി നൽകി.
ഒമ്പതുകോടി രൂപ നഗരസഭയ്ക്ക് റിലൈൻസ് കമ്പനി കൊടുക്കാൻ ഉണ്ടെന്നും അത് സംബന്ധിച്ചുള്ള നടപടികൾ എടുക്കാൻ നഗരസഭ ഉദ്യോഗസ്ഥന്മാർ തയ്യാറായില്ലെന്നും കൗൺസിലർ ഭാവദാസ് പറഞ്ഞു .ഇത്തരം സംഭവങ്ങളും ചർച്ചകളും ആയി നഗരസഭ കൗൺസിൽ യോഗം ചൂട് പിടിച്ചു.