സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘാംഗങ്ങളെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു

പാലക്കാട് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് നിന്നും വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ ഉത്തർപ്രദേശിൽ നിന്നും ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ കാർ ഡീലർ ഷോറൂമിന്റെ വ്യാജ ഇമെയിൽ അഡ്രസ് ഉപയോഗിച്ച് സ്ഥാപനത്തിൻറെ പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റി നിമിഷങ്ങൾക്കകം പിൻവലിക്കുന്നതായിരുന്നു പ്രതികളുടെ രീതി. ബാങ്ക് മാനേജറുടെ പരാതിയിലാണ് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതികളുടെ ഫോൺ നമ്പറുകളും പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും പരിശോധിച്ചു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഡൽഹി ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് എന്ന് കണ്ടെത്തി. തുടർന്ന് പാലക്കാട് നിന്നുള്ള പോലീസ് സംഘം ഡൽഹി ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഡൽഹിയിൽ കാൾ സെൻററുകൾ വാടകയ്ക്ക് എടുത്ത് നടത്തുന്ന ഇത്തരം തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്നു കൂടുതൽ സ്ഥാപനങ്ങളെയും ബാങ്കുകളെയും പ്രതികൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതായി അറിവാകുന്നുണ്ട് . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, എ എസ് പി ഷാഹുൽഹമീദ് ,ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു അബ്രഹാം എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഗിരീഷ് കുമാർ ,വിജയകുമാർ ,ശ്യാംകുമാർ ,എ എസ് ഐ ദേവി സിപിഒ മാരായ മുഹമ്മദ് ഷനോസ് , വിനീഷ് ,ദിലീപ് കുമാർ, മൈഷാദ് എന്നിവർ ഉൾപ്പെടുന്നു.