—പ്രദീപ് കളരിക്കൽ —
വിശാലാക്ഷി സമേതനായി ശ്രീ മഹാദേവൻ വാഴുന്ന “കാശിയിൽ പാതിയായ” കൽപ്പാത്തിയിലെ അഗ്രഹാര വീഥികളിൽ പ്രയാണത്തിനായി ദേവരഥങ്ങൾ ഒരുങ്ങുകയായി. വേദമന്ത്രധ്വനികളും സംഗീത ശീലുകളും കൊണ്ട് മുഖരിതമായ ഗ്രാമവീഥികളിൽ ഇനി ഉത്സവത്തിന്റെ രാപ്പകലുകൾ. പ്രകൃതി തന്നെ തേരിന്റെ വിളംബരം ചെയ്യുന്ന ഒരു പ്രത്യേകത കൽപ്പാത്തിക്ക് മാത്രം ഉള്ളതാണ്… മഴയൊക്കെ മാറി ജനമനസ്സുകളെ തഴുകിയെത്തുന്ന ഒരു പ്രത്യേകതരം കാറ്റ് രഥോത്സവത്തിന്റെ വരവറിയിക്കുന്നു. “തേര് കാറ്റ് വന്താച്ച് ” എന്നൊരു ചൊല്ല് തന്നെ ഉണ്ട് പാലക്കാടൻ ഭാഗത്ത്.. ഉത്സവം കോടിയേറുന്ന അന്ന് മുതൽ വിശേഷാൽ പൂജകളും, വിവിധ തരത്തിലുള്ള വാഹനങ്ങളിൽ ദേവിദേവന്മാരുടെ എഴുന്നള്ളത്തും നടക്കുന്നു. തുലാമാസത്തിലെ അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ് ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം നടക്കുന്നത്… രഥാരോഹണം ചെയ്യുന്നത് മുതൽ മൂന്നുനാൾ ദേവരഥങ്ങൾ ഗ്രാമവീഥികളിലൂടെ പ്രയാണം തുടങ്ങുകയായി.മൂന്നാംനാൾ എല്ലാ രഥങ്ങളും വിശാലാക്ഷീ സമേതനായ വിശ്വനാഥസ്വാമിയുടെ മുന്നിൽ സംഗമിക്കുന്നതോടെ ഉത്സവത്തിന് പരിസമാപ്തി കൈവരുന്നു.. “ദേവരഥസംഗമം” എന്ന ഈ അനിർവ്വചനീയമായ ദിവ്യ മുഹൂർത്തത്തിൽ കൽപ്പാത്തി ഒരു ദേവാലോകമായി മാറുന്നു. ജനലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്ന ഈ ധന്യമുഹൂർത്തം കാണേണ്ട ഒരു കാഴ്ചതന്നെയാണ്
ഇത്തവണ നവംബർ 14,15,16 തിയ്യതികളിൽ ആണ് രഥോത്സവം നടക്കുന്നത്..