മലയാളത്തിൽ വിസിറ്റിങ്ങ് കാർഡുമായി അതിഥി തൊഴിലാളികൾ

നെന്മാറ: രണ്ടാംവിള നെൽകൃഷി നടീലിന് അതിഥി തൊഴിലാളികൾ ഇടനിലക്കാരെ ഒഴിവാക്കി മലയാളത്തിൽ തയ്യാറാക്കിയ ഞാറു നടുന്ന ചിത്രമുള്ള വിസിറ്റിംഗ് കാർഡുമായി കർഷകരെ നേരിട്ട് സമീപിച്ച് തുടങ്ങി. മുൻ വർഷങ്ങളിൽ നടീൽ നടത്തിയ കർഷകരെയാണ് മലയാളത്തിൽ സംസാരിക്കുന്ന അതിഥി തൊഴിലാളികൾ സമീപിക്കുന്നത്. അയിലൂർ, നെന്മാറ, എലവഞ്ചേരി പ്രദേശങ്ങളിലെ കർഷകരെയാണ് അതിഥി തൊഴിലാളികൾ സമീപിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി വരുന്നതിനാൽ കർഷകർക്കും അതിഥി തൊഴിലാളികൾക്കും സാമ്പത്തിക നേട്ടമുണ്ട്. ഒരു വർഷം മുമ്പ് വരെ 4000 രൂപയ്ക്ക് ഇടനിലക്കാർ മുഖേന നടീൽ നടത്തിയത് ഇപ്പോൾ 3500 രൂപയ്ക്ക് ഒരു ഏക്കർ ഞാറു പറിച്ച് നട്ടുകൊടുക്കാം എന്നാണ് വാഗ്ദാനം. ആലത്തൂർ, തേൻകുറിശ്ശി, ചിറ്റൂർ, കൊല്ലങ്കോട് ഭാഗങ്ങളിൽ വാടകയ്ക്ക് റൂമെടുത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികളാണ് ഇക്കുറി കർഷകരെ നേരിട്ട് സമീപിച്ച് നടീൽ നടത്തി കൊടുക്കുന്നത്. കർഷകർക്ക് വിസിറ്റിംഗ് കാർഡ് നൽകുന്നതിന് പുറമെ നടേണ്ട തീയതിയും ദിവസവും വൈകിട്ട് ഫോണിൽ മലയാളത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്. 10 വർഷത്തിലേറെയായി പാലക്കാട് ജില്ലയിലെ നെൽകൃഷി മേഖലയിൽ നടീലിനെത്തുന്നുണ്ടെന്ന് അതിഥി തൊഴിലാളികളുടെ ഗ്രൂപ്പ് ലീഡർ മുഹമ്മദ് പറഞ്ഞു. കർഷകരുടെ കൃഷിഭൂമിയുടെ അളവ് പറഞ്ഞാൽ നടിലിന് ആവശ്യമുള്ള നിശ്ചിത എണ്ണം ഞാറ്റു മുടികൾ മാത്രമേ ഇവർ പറിക്കുകയുള്ളൂ. കൂലി തുക പണമായി വാങ്ങാതെ ഗൂഗിൾ പേ ചെയ്യാനുള്ള സംവിധാനവും ഇവർ കർഷകർക്ക് ചെയ്തു കൊടുക്കുന്നുണ്ട്. ഒരു ഏക്കറിന് ഇത്ര എണ്ണം ഞാറ്റുമുടി എന്ന കണക്ക് അതിഥി തൊഴിലാളികൾക്ക് ഉണ്ട്. കർഷകരുടെ നെൽകൃഷിയുടെ അളവ് കൂടുതലാണെങ്കിൽ പറിച്ച ഞാറ് തികയാതാകുമ്പോൾ തൊഴിലാളികൾ എത്ര ഞാറു മുടി അധികം ഉപയോഗിക്കുന്നോ അതനുസരിച്ച് നെൽകൃഷിയുടെ അളവ് കൂടുതലോ കുറവോ എന്ന് അവർ പറയും. ആയതിനാൽ കർഷകർക്ക് നെൽപ്പാടത്തിന്റെ അളവ് കുറച്ചു പറഞ്ഞ് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്യാൻ കഴിയില്ല. രാവിലെ 7 മണിക്ക് മുമ്പുതന്നെ നെൽകൃഷിയുടെ വലുപ്പത്തിനനുസരിച്ചുള്ള എണ്ണം തൊഴിലാളികൾ പെട്ടി ഓട്ടോറിക്ഷയിലൊ ടെമ്പോ വനിലോ കൃഷിസ്ഥലത്ത് എത്തും. ഇടയ്ക്കുള്ള ഭക്ഷണം അവർ തന്നെ സമീപത്തെ ഭക്ഷണ വിതരണക്കാരനെ ജോലിസ്ഥലത്ത് പാർസൽ എത്തിക്കാൻ പറഞ്ഞ് ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.