കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ

പാലക്കാട് ,കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ് , ജെ. മണികണ്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ് മരിച്ചത്. എരുത്തേമ്പതി ഐഎസ്ഡി ഫാമിനു സമീപത്ത് പുഴയിലെ ചെക്ഡാമിൽ മീൻ പിടിക്കാൻ പോയതായിരുന്നു.

അപകടത്തിൽപ്പെട്ട വിനുവിനെ സുഹൃത്തുക്കൾ ചേർന്ന് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണതാണെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതി ലൈനിൽ നിന്നും മോഷ്ടിച്ച് വെള്ളത്തിൽ വൈദ്യുതി പ്രവഹിപ്പിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം എന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.