വരവും കാത്ത്

നീന്തിനീന്തിയീ വെള്ളമേഘങ്ങൾ
നീളെ വാനിന്റെ വാർമടിത്തട്ടിലായ്
നീല വാനിൻ ശോഭയേറ്റുമീ കാഴ്ച
നീറുമെൻ ഹൃത്തിനാശ്വാസമേകവെ,
നീയണഞ്ഞീടുന്നൊരാ നിമിഷമോർത്തു
നീങ്ങിടുന്നില്ലല്ലോ ഘടികാര സൂചികൾ
കാത്തുകാത്തെന്റെ കണ്ണു കഴച്ചു പോയ്
ഓർത്തിരൂന്നെന്റെ ഉള്ളം പതച്ചു പോയ്
വിരഹച്ചൂടിൽ ഞാൻ തപിയ്ക്കുന്നിതാ
വിരഹമെന്നാണു തീർക്കുന്നതെൻ സഖേ…..?
ഇനിയുമേറെ നാൾ കാക്കുവാൻ വയ്യെനി- ക്കറിയണം നീയീ മനസിന്റെ നോവുകൾ
പ്രണയം രുചിച്ചതി മോദാൽ വസിക്കവേ,
പ്രണയത്തീയാൽ ദഹിച്ഛു തീർന്നീടവേ,
അതിലും കഠിനമാം വിരഹമോർത്തീല ഞാൻ
അലിവോടെയണയൂ അരികിൽ പ്രിയതമാ…..!!

എം.ടി.നുസ്റത്ത് ചുനങ്ങാട്