പട്ടാമ്പി: കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്. എസ്.എസ്.വട്ടേനാട് ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം നടത്തി. പട്ടാമ്പി കൊഴിക്കോട്ടിരി സ്വദേശിയും കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറുമായ കെ.പി.രാഗേഷിൻ്റെ സ്വകാര്യശേഖരത്തിലുള്ള പഴയ കാല നാണയങ്ങൾ, കറൻസി നോട്ടുകൾ, വീട്ടുപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്.
തുടം, തുലാംകല്ല്, കഴഞ്ചിക്കോൽ, വെള്ളിക്കോൽ തുടങ്ങിയ അളവുതൂക്ക ഉപകരണങ്ങളും, നുകം, കലപ്പ, തേക്കുകൊട്ട തുടങ്ങിയ കാർഷികോപകരണങ്ങളും പറ, സാമ്പാർപ്പാത്തി, മരവി, അടച്ചൂറ്റി ആധാരപ്പെട്ടി, പണപ്പെട്ടി, കട്ടപ്പെട്ടി തുടങ്ങി പണ്ടത്തെ വീടുകളിലുണ്ടായിരുന്ന മിക്കവാറും സാധനങ്ങളും പ്രദർശനത്തിൽ സ്ഥാനം പിടിച്ചു. ഗ്രാമഫോണും റേഡിയോ, ടെലിവിഷൻ, ടെലിഫോൺ തുടങ്ങിയവയുടെ
ആദ്യകാല മാതൃകകളും വിദ്യാർത്ഥികളിൽ പ്രത്യേക കൗതുകമുണർത്തി.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എം.പ്രദീപ്, അധ്യാപകരായ
കെ.എം.കമറുദ്ദീൻ, ശ്രുതി എസ്. സുരേഷ്, വളണ്ടിയർമാരായ അനന്തു, ആദിത്യൻ, മാധവദാസ്, യദുകൃഷ്ണ, സിയാദുൽ അക്ബർ, വൈശാഖ്, ഷെബീബ്, അർഷൽ അഹമ്മദ്, ശരവണൻ, അഫീഫ്, വിനയ, വന്ദന മുരളി, രാഖി, ജിതിൻ, അനഘ,റസ്മിന തസ്നി, ഇർഫാന, റിഷാന, രഹിത, അനാമിക, കീർത്തന, വിസ്മയ,
ഫിദ എന്നിവർ നേതൃത്വം നൽകി.