പട്ടാമ്പി നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

പട്ടാമ്പി നഗരസഭ വനിത ശിശു വികസന വകുപ്പിന് കീഴിൽ നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം പട്ടാമ്പി നഗരസഭാ വൈസ് ചെയർമാൻ ടി.പി ഷാജി നിർവഹിച്ചു. ഐ.സി.ഡി.എസ് മുഖേനയാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

പാർശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായി പട്ടാമ്പി നഗരസഭ വ്യത്യസ്ത പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന് ടി.പി ഷാജി പറഞ്ഞു. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവർക്കും തുല്യ അവകാശം ഉറപ്പാക്കാനാണ് നഗരസഭ 2022-23 കാലയളവിലേക്ക് കാലോചിതമായി ജെന്റർ ബജറ്റ് അവതരിപ്പിച്ചത്.

പട്ടാമ്പിയിൽ പുതിയൊരു ബഡ്‌സ് സ്കൂൾ നിർമ്മിക്കാനും പട്ടാമ്പി നഗരസഭ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് ഗർഭസ്ഥ കാലത്ത് തന്നെ ആവശ്യമായ പരിശോധനകൾക്കും അനുയോജ്യമായ പോഷകാഹാരങ്ങൾ നൽകാനും വിപുലമായ പദ്ധതികൾക്ക് പട്ടാമ്പി നഗരസഭയും ആയുർവേദ വകുപ്പും സംയുക്തമായി രൂപം നൽകിയിട്ടുണ്ട്.

ഭിന്നശേഷി സമൂഹത്തിന് ആവശ്യമായ കരുതലൊരുക്കുക എന്ന പ്രഖ്യാപിത നിലപാടിനോടൊപ്പം ആരോഗ്യമുള്ള പുതിയൊരു തലമുറയെ വാർത്തെടുക്കാൻ ആവശ്യമായ വിപുലമായ പദ്ധതികൾക്കും പട്ടാമ്പി നഗരസഭ രൂപം നൽകിയിട്ടുണ്ട്. ഭിന്നശേഷി സമൂഹത്തിന്റെ മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന കാര്യങ്ങളിൽ നഗരസഭയുടെ കരുതൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ
പി. വിജയകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.രാജൻ മാസ്റ്റർ, കൗൺസിലർ ഹമീദ്, ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ പി.റീന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.