മഞ്ഞ, ചുവപ്പ്, റേഷൻ കാർഡ് അംഗങ്ങൾക്കുള്ള സൗജന്യ അരി വിതരണം തടസ്സപ്പെടുന്നു

നെന്മാറ : പി. എം. ജി. കെ. വൈ. സ്കീം പ്രകാരം റേഷൻ കടകൾ മുഖേന റേഷൻ കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം എ.എ. വൈ. വിഭാഗം മഞ്ഞ റേഷൻ കാർഡുകാർക്കും പി എച്ച് എച്ച് വിഭാഗം ചുവന്ന റേഷൻ കാർഡുകാർക്കും സൗജന്യ നിരക്കിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിനുള്ള ധാന്യങ്ങൾ റേഷൻ കടകളിലേക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ആവശ്യമായ അത്രയും അളവിൽ സ്റ്റോക്ക് എത്തിക്കാത്തതിനാൽ കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മിൽ ഒച്ചപ്പാടിനും ബഹളത്തിനും വഴിയൊരുക്കുന്നു. ചിറ്റൂർ താലൂക്കിലെ ബഹുഭൂരിപക്ഷം കടകളിലും പി. എം. ജി. കെ. വൈ. പ്രകാരമുള്ള റേഷൻ സാധനങ്ങൾ പൂർണ്ണമായി സ്റ്റോക്ക് എത്തിക്കാത്തതാണ് വിതരണത്തിന് തടസ്സമെന്ന് റേഷൻ കടയുടമകൾ പറയുന്നു. മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ റേഷൻ കടകളിൽ വീണ്ടും റേഷൻ സാധനങ്ങൾ വാങ്ങാനായി തൊഴിൽ നഷ്ടപ്പെടുത്തി വീണ്ടും വരാൻ അന്ത്യോദയ വിഭാഗത്തിലെ കാർഡ് ഉടമകൾ നിർബന്ധിതരാകുന്നത് ഏറെ പരാതിക്ക് ഇടയാക്കുന്നു. നിലവിൽ ലഭ്യമായ റേഷൻ സാധനങ്ങൾ വാങ്ങിപ്പോകുന്ന കാർഡ് ഉടമകളുടെ ബില്ലിൽ ഇക്കാര്യം രേഖപ്പെടുത്തുകയും മറ്റൊരു ദിവസം റേഷൻ സാധനം വാങ്ങാൻ വീണ്ടും വരേണ്ടി വരുന്നതായി കാർഡ് ഉടമകളും പരാതി പറഞ്ഞു. ഒരു മാസത്തെ റേഷൻ സാധനങ്ങൾ ഒരുമിച്ച് കിട്ടാത്തതിൽ കാർഡ് ഉടമകളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. സിവിൽ സപ്ലൈസ് വിഭാഗം പൂർണ്ണ തോതിലുള്ള റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ എത്തിക്കാത്തതാണ് എല്ലാ മഞ്ഞ, ചുവപ്പ്, കാർഡ് ഉടമകൾക്കും റേഷൻ സാധനങ്ങൾ ലഭിക്കാതിരിക്കാൻ ഉള്ള കാരണമെന്ന് പറയുന്നു. ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ വേണ്ട അടിയന്തര ഇടപെടലുകൾ നടത്തി മുഴുവൻ ഭക്ഷ്യധാന്യങ്ങളും ഒരുമിച്ച് കാർഡ് ഉടമകൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മേഖലയിലെ കാർഡ് ഉടമകൾ ആവശ്യപ്പെടുന്നു.