നെന്മാറ: സമൂഹമാധ്യമത്തില്‍ സ്‌കൂട്ടര്‍ കൊടുക്കാനുണ്ടെന്ന പരസ്യത്തില്‍ വാങ്ങാനുള്ള ശ്രമത്തില്‍ നെന്മാറയിലെ വ്യാപാരിയ്ക്ക് 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്.
ഫേസ് ബുക്കില്‍ സ്‌കൂട്ടറിന്റെ ചിത്രസഹിതം വില്‍പ്പനയ്ക്ക് എന്ന കണ്ട് അതില്‍ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തി ഹിന്ദി സംസാരിക്കുന്നയാളാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എന്ന് പരസ്യം നല്‍കിയതെന്ന് വ്യാപാരി പറഞ്ഞു. മലപ്പുറം രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറിന്റെ ചിത്രങ്ങളും, വണ്ടിയുടെ രജിസ്‌ട്രേഷന്‍ രേഖകളും, വില്‍പ്പന നടത്തുന്നയാളുടെ തിരിച്ചറില്‍ രേഖകളും,ഫോട്ടേയും ഉള്‍പ്പെടെയുള്ളവ വാട്ട്‌സ്ആപ്പിലൂടെ അയച്ചു നല്‍കി.
അയച്ചുതന്ന രേഖകളില്‍ വിശ്വസിച്ച് സ്‌കൂട്ടറിന് 18000 രൂപ വില ഉറപ്പിച്ചു അഡ്വാന്‍സായി 4000 രൂപ ഇദ്ദേഹം തുക ഗൂഗിള്‍ പേ മുഖാന്തിരം അയച്ചുകൊടുത്തു. പിന്നീട് വാഹനം പാര്‍സല്‍ ചെയ്യുന്നതിന്റെയും, പട്ടാളട്രക്കില്‍ കയറ്റുന്നതിന്റെയും ചിത്രം അയച്ചുകൊടുത്ത് വാഹനത്തിന്റെ ബാക്കി തുക കൂടി അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പാര്‍സല്‍ ബില്‍ കൂടി വാട്ട്‌സ്ആപ്പിലൂടെ അയച്ചു കിട്ടിയതോടെ സത്യമാണെന്ന് വിശ്വസിച്ച് ബാക്കി 14000 രൂപ കൂടി നല്‍കുകയായിരുന്നു. പാര്‍സല്‍ ചെയ്ത് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും കിട്ടാതായപ്പോള്‍ ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ വാഹനം തൃശൂര്‍ പട്ടിക്കാട് എത്തിയിട്ടുണ്ടെന്നും ഡെവിവറി ചാര്‍ജ്ജായി 8000 രൂപ കൂടി നല്‍കണമെന്നും വീണ്ടും ആവശ്യപ്പെട്ടു. തരാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ 4000 രൂപയെങ്കിലും നല്‍കി കൈപ്പറ്റാന്‍ ആവശ്യപ്പെടുകയായിന്നു. തുടര്‍ന്ന് 4000 രൂപ അയച്ചുനല്‍കിയെങ്കിലും വാഹനം കിട്ടിയില്ല. ഇതോടെ മറ്റൊരാളുടെ നമ്പറില്‍ നിന്ന് വീണ്ടും വാഹനം വാങ്ങാനെന്ന രീതിയില്‍ ബന്ധപ്പെട്ടതോടെ ഇതേ ചിത്രങ്ങള്‍ തന്നെ അവര്‍ക്കും അയച്ചു നല്‍കിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഇതേ തുടര്‍ന്ന് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി കാണിച്ച് പാലക്കാട് സൈബര്‍ സെല്ലില്‍ വ്യാപാരി പരാതി നല്‍കി.