സ്റ്റാറ്റസ് മരണ വാർത്ത

ഒരു സാധാരണ കുടുംബമായത് കൊണ്ടുതന്നെ ഓരോ ദിവസവും പണിയെടുത്തിട്ട് തന്നെയായിരുന്നു ഭാര്യയുടെയും മക്കളുടെയും വിശപ്പ് മാറ്റിയിരുന്നതും മക്കളുടെ പഠനചെലവ് പൂർത്തിയാക്കിയിരുന്നതും.
കഷ്ടപാടുകൾ മറ്റാരെയും അറിയിക്കാതെ അയാൾ തന്റെ കൂലിപ്പണിയുമായി ദിവസങ്ങൾ തള്ളിനീക്കി. മകനെ പഠിപ്പിച്ചു വല്ല്യ നിലയിലെത്തിക്കണം എന്ന ഇത്തിരി വലിയ ആശയെ സാക്ഷാൽകരിക്കാൻ വേണ്ടി അയാൾ വെയിലും മഴയും വകവെക്കാതെ അധ്വാനിച്ചു. കിട്ടിയിരുന്നതെല്ലാം സ്വരുക്കൂട്ടി വെച്ചിരുന്നയാൾ പതിയെ വാർദ്ധക്യത്തിന്റെ ചുളിവുകൾ തൊട്ടു. ആരോഗ്യസ്ഥിതി മോശമായി.

ആരിൽ നിന്നൊക്കെയോ കടം വാങ്ങിയും എച്ചിൽ പാത്രങ്ങൾ കഴുകിയും കിട്ടിയ പണമെല്ലാം മകന്റെ phd പഠനത്തിനുവേണ്ടി നൽകി. ശരവേഗത്തിൽ കൊഴിയുന്ന ദിനങ്ങൾ അയാളുടെ അന്ത്യത്തിലേക്കുള്ള ദൂരം കുറച്ചു. മകളെ നല്ലൊരു കുടുംബത്തിലേക്ക് കെട്ടിച്ചുവിട്ടിരുന്നു. മാറാരോഗങ്ങൾ പിടികൂടിയതോടെ ഭാര്യയും കിടപ്പിലായി. ജോലിയും തിരക്കുകളുമായി മകനെപ്പോഴും മുകളിലെ മുറിയിൽ തന്നെയാണ്. കുറച്ചു സമയം എങ്കിലും അച്ഛന്റെ അടുത്ത് വന്നിരുന്നിട്ട് നിന്റെ ജോലിയൊക്കെ തുടർന്നാൽ പോരേന്ന് ഇടക്കിടെ ഭാര്യ പുലമ്പുന്നത് കേൾക്കാം.
ചെവിയിൽ ഹെഡ്സെറ്റ് തിരുകിയിരിക്കുന്ന അവനെങ്ങനെ ഇതൊക്കെ കേൾക്കാൻ എന്നയാൾ കരുതും. മറുപടി മൗനം ആണെന്ന് തിരിച്ചറിഞ്ഞു അവളിങ്ങ് പോരും.

മരണത്തിന്റെ തൊട്ട് മുമ്പെങ്കിലും ഏട്ടനെ നെയൊന്നു കണ്ട് കണ്ണടക്കാൻ അച്ഛന് കഴിഞ്ഞെങ്കിൽ എന്ന് മോളെപ്പോഴും പറയുന്നത് കേൾക്കാം..

അനുവദിക്കപ്പെട്ട ആയുസ്സിൽ നിന്ന് മുഴുവനായും കൊഴിഞ്ഞുപോയത് പെട്ടന്നായിരുന്നു, അവസാനമയാളുടെ ഒരു പിടച്ചിൽ മാത്രമേ കണ്ടുള്ളു.
ശ്വാസം നിലച്ചിരിക്കുന്നു..!

മകൾ അപ്പോഴേക്കും തന്റെ സ്റ്റാറ്റസിൽ
“ഞങ്ങളുടെ പ്രിയപ്പെട്ട
അച്ഛൻ വിടവാങ്ങി “
ആദരാഞ്ജലികൾ
എന്ന കമെന്റ് എഴുതി ഇട്ടു.

പരിഷ്കാരിയായ മകൻ പെങ്ങളുടെ സ്റ്റാറ്റസിൽ നിന്നാണ് മരണവാർത്ത അറിഞ്ഞത്. തണുത്തുറഞ്ഞ ശരീരം കാണാൻ കോണിപ്പടികൾ ഇറങ്ങുന്നതിനു മുന്നേ അച്ഛന്റെ ആകെയുള്ളൊരു ഫോട്ടോ സ്റ്റാറ്റസിട്ട് അവനെഴുതി;

“കണ്ടുകൊതിതീരും മുന്നേ അച്ഛൻ വിടവാങ്ങി..”

ശുഭം…!

സഫൂറ നാസർ