ഹന അബ്ദുള്ള
പറയണമെന്നു നൂറാവർത്തി
കരുതിയിട്ടും
പറയാതെ പോയ വാക്കുകളുണ്ട്,
കള്ളങ്ങൾ കൊണ്ട് പൊതിഞ്ഞ
ചില മറുപടികളുണ്ട്,
കുറ്റബോധം കൊണ്ട് ആകെ
വിറങ്ങലിച്ചുറച്ച് കിടക്കുന്ന
ചിന്തകളുണ്ട്,
അവസാന ശ്വാസവും
ഊർന്നുപോയെന്നു കരുതി
മൂലയിൽ കഴിയുന്ന ബന്ധങ്ങളുണ്ട്,
വേരിന്റെ അങ്ങേത്തല
കരിഞ്ഞു തുടങ്ങിയിട്ടും
തളിർത്തേക്കാം തുടിച്ചേക്കാം
എന്ന അസ്തമിച്ച പ്രതീക്ഷയിൽ
ഉറ്റുനോക്കുന്ന മിഴികളുണ്ട്,
എഴുതേണ്ട എന്ന് ഹൃദയം
തുടരെ തുടരെ പുലമ്പുമ്പോഴും
തൂലിക അനുസരണക്കേട് കാണിച്ച്
പെറ്റിടുന്ന കവിതകളുണ്ട്,
മരണത്തിന്റെ കാവൽക്കാരൻ
നാല് ചാണകലെ എന്ന്
തിരിച്ചറിയപ്പെടുന്ന നിമിഷങ്ങളുണ്ട്,
അത് പലവുരു വർണ്ണിച്ചെഴുതിയിട്ടുമുണ്ട്,
ഇതെല്ലാം എന്തിനെന്ന ചോദ്യത്തിന്
അർത്ഥമില്ല,ഉത്തരവുമില്ല.
കാരണം,
മനുഷ്യനാണ്!
ഓർമ്മകളുണ്ടാവും!
പ്രതീക്ഷകളുണ്ടാകും!
നിരാശകളുണ്ടാവും!
ഒടുവിൽ മരണവും!!!