വിരിപ്പിലെ മൈലാഞ്ചിയിലകൾ

അടുക്കള വരത്തു കൂടി കയറിപ്പോകുമ്പോൾ മുറ്റത്ത് വെട്ടിയിട്ട മൈലാഞ്ചിക്കൊമ്പുകൾ കിടക്കുന്നത് കണ്ടു. ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു. പെട്ടെന്ന് എടുക്കുമെന്നാണ് കേൾക്കുന്നത്. ആ മൈലാഞ്ചിക്കൊമ്പുകളിലായിരുന്നു മനസ് ഉടക്കി ക്കിടന്നത്. കൈ വെള്ളകളും നഖങ്ങളും ചുവപ്പണിയാനാണ് മൈലിഞ്ചിയിലകൾ എന്നാണ് ഞാൻ കരുതി യിരുന്നത് . എണ്ണ കാച്ചി തേക്കാനും ഉപയോഗിക്കാറുണ്ട് എന്ന് പിന്നെയറിഞ്ഞു. അതു കൊണ്ടൊക്കെ വല്ലാത്ത ഒരിഷ്ടം ആ ഇലകളോടും ചെടികളോടും എന്നും തോന്നാറുണ്ട്.എന്നാൽ ഇക്കാക്കാന്റെ മരണത്തെത്തുടർന്നാണ് അവക്ക് മഞ്ചലേറിപ്പോകുന്ന വിരിപ്പിലും സ്ഥാനമുണ്ടെന്നറിയുന്നത്.  ഇക്കാക്കയും പിന്നീട് ആ കുടുംബവും ഒഴിഞ്ഞു പോയ വീടിനരികത്ത് മുറ്റിത്തഴച്ച് നിൽക്കുന്ന മൈലാഞ്ചിച്ചെടി കണ്ടപ്പോൾ ഒരു കൗതുകം തോന്നി. പിന്നീട് അതിലെ കടന്നു പോകുമ്പോഴൊക്കെ സാകൂതം വീക്ഷിക്കാറുണ്ട് ആ ചെടിയെ.ഇതാ ഇപ്പോൾ….മറിയത്താത്തയും മൈലാഞ്ചിയിലകൾ നിരത്തിയ  വിരിപ്പിലേക്ക്….മമ്മദ് കാക്കയുടെ വിഷമം നിറഞ്ഞ മുഖം കണ്ടു നിൽക്കാനേ ആയില്ല.ആളുകളുടെ ചുണ്ടുകളും കണ്ഠനാളങ്ങളും ‘”  യാസീൻ ” ചൊല്ലിക്കൊണ്ടിരിക്കുന്നു.പുറത്തു കടക്കുമ്പോഴും ആ കൊമ്പുകൾ അവിടെത്തന്നെയുണ്ട്- ആ മൈലാഞ്ചിക്കൊമ്പുകൾ…ആളുകളും അവർ ഊരിയിട്ട ചെരിപ്പുകളും നിറഞ്ഞ മുറ്റത്തു നിന്ന് കാലെടുത്ത് വെക്കേണ്ടി വന്നത് ആ മൈലാഞ്ചിക്കൊമ്പുകളിലേക്കാണ്.ഖബറിടങ്ങളുടെ മുകളിൽ മുറ്റിത്തഴച്ചു നിൽക്കുന്ന മൈലാഞ്ചിച്ചെടികൾ ഇളം കാറ്റിൽ മെല്ലെ ഇളകിയാടുന്നു. വിളിക്കുകയാണോ എന്നെ…..? അവിടേക്കാണ് ഉപ്പയും കെയ്ച്ച ഇത്താത്തയും ഇക്കാക്കയും ഉമ്മയുമൊക്കെ പോയത്…..ഞാനും പോകേണ്ടവൾ തന്നെ. എപ്പോൾ , എങ്ങനെ എന്നേ അറിയേണ്ടതുള്ളൂ……

എം.ടി.നുസ്റത്ത് ചുനങ്ങാട്