നഗരസഭ ഖരമാലിന്യ സംസ്ക്കരണ പ്ലാന്റിൽ നടപ്പാക്കുന്ന വേസ്റ്റ് മാനേജ്മെന്റ് പദ്ധതി കൗൺസിൽ അംഗീകരിച്ചു.

ഒറ്റപ്പാലം: സൗത്ത് പനമണ്ണയിലെ ഖരമാലിന്യ പ്ലാന്റിൽ ലോക ബാങ്ക് സഹായത്തിൽ നടപ്പാക്കുന്ന വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. മാലിന്യ പ്ലാന്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഒന്നാം ഘട്ടത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ആറ് വർഷ കാലാവധിയിലാണ് പദ്ധതി നടപ്പാക്കുക. ഒന്നാം ഘട്ടത്തിന് ആകെ തുകയുടെ 10 ശതമാനം വരുന്ന 90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമാണം, കവാടം തയാറാക്കൽ, ഗേറ്റ് എന്നിവയാണ് നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ അജൈവ മാലിന്യങ്ങളിൽ നിന്ന് മൂല്യ വർധിത വസ്തു നിർമാണം, പച്ചക്കറി തോട്ടമൊരുക്കൽ, തോട്ടിൽ മത്സ്യം വളർത്തൽ തുടങ്ങിയവ ഉൾപ്പെടുത്താനാണ് ആലോചന. ചെയർ പേഴ്സൺ കെ ജാനകി ദേവി അധ്യക്ഷയായിരുന്നു.