സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ

പട്ടാമ്പി: പട്ടാമ്പി പേരടിയുർ എഎൽപി സ്കൂളിലെ ഓഫീസിനു മുമ്പിലെ പട്ടി പ്രസവിച്ച നിലയിൽ കണ്ടെത്തിയത് അധ്യാപകരെയും വിദ്യാർഥികളെയും ഒരു പോലെ ദുരിതത്തിലാക്കി. വരാന്തയിലാണ് വ്യാഴാഴ്‌ച രാവിലെ സ്കൂൾ തുറക്കാൻ വന്ന അധ്യാപകർ പട്ടി പ്രസവിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ടു പോകുമ്പോൾ ഇവിടെ ശൂന്യമായിരുന്നതായി അവർ പറഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഓഫീസ് തുറക്കാൻ പറ്റാതെ പ്രയാസത്തിലായ അധ്യാപകർ – സ്നൈക്ക് & അനിമൽ റസ്ക്യൂവറും കൂടിയായ കൈപ്പുറം അബ്ബാസിനെ വിളിച്ചുവരുത്തി. അബ്ബാസെത്തി പട്ടിയേയും കുഞ്ഞുങ്ങളെയും സ്കൂളിന്റെ പിറകു വശത്തേക്ക് സുരക്ഷിതമായി മാറ്റി കൊടുത്തു. അധ്യാപകരുടെയും വിദ്യാർഥികളുടെയും ഭീതി അകറ്റിയ അബ്ബാസിനെ രക്ഷിതാക്കളും നാട്ടുകാരും മുക്തകണ്ഠം പ്രശംസിച്ചു.