വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: ഏഷ്യയിലെ ഏറ്റവും വലിയ ശലഭം തൃത്താല മണ്ഡലത്തിലെ കൂടല്ലൂർ കൂട്ടകടവിൽ. പുതിയോടത്തു മുസ്തഫയുടെ വീട്ടിൽ ആണ് അപൂർവ്വങ്ങളിൽ അപൂർവമായ സർപ്പശലഭത്തെ കണ്ടെത്തിയത്.
ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ സർപ്പശലഭം (Atlas Moth) (ശാസ്ത്രീയനാമം: Attacus taprobanis) ചിറകുകളുടെ വിസ്താരത്താൽ ഇതാണ് ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതിയിരുന്നു. എന്നാൽ സമീപകാലപഠനങ്ങൾ പ്രകാരം ന്യൂ ഗിനിയിലെയും വടക്കേ ആസ്ത്രെലിയയിലെയും ഹെർക്കുലീസ് നിശാശലഭം ഇതിനേക്കാൾ വലിയതാണെന്നു കണ്ടെത്തിയിട്ടുണ്ട് . ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടാഴ്ച മാത്രമേ ആയുസ്സുള്ളൂ. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറില്ല രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന വർണ ശബളമായ ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. കൂടുതൽ പറക്കേണ്ടി വരുമ്പോൾ ശരീരത്തിലെ എനർജി ഉപയോഗിക്കേണ്ടി വരുകയും അത് കാരണം ആയുസ്സ് കുറയുകയും ചെയ്യും. പെണ്ണിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ആൺ ശലഭം എത്തുന്നത്. ഈ ഹോർമോൺ കാറ്റ് വഴി കിലോമീറ്ററോളം ദൂരം സഞ്ചരിക്കാറുണ്ട്.
വില കുറഞ്ഞ പട്ടുനൂലിനു വേണ്ടി ഇന്ത്യയിൽ ചിലയിടങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താറുണ്ട്. അപൂർവ അനുഭവമായ ശ്രമത്തെ കാണാൻ ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ട്.