എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണം ; സുമേഷ് അച്യുതൻ

ചിറ്റൂർ: സ്പിരിറ്റ് ലോബിയുമായുള്ള ബന്ധത്തെ തുടർന്ന് സ്ഥലം മാറ്റിയ എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് അഡ്വ. സുമേഷ് അച്യുതൻ. ചിറ്റൂർ എക്സൈസ് ഉദ്യോഗസ്ഥരെ ഇടുക്കിയിലേക്കും കുമ്പളയിലേക്കും സ്ഥലം മാറ്റി ഈ വിഷയം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് സി.പി.എം.നേതാക്കളെയും അഴിമതിക്കാരായ എക്സൈസുകാരെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നാടകമാണ്. ചിറ്റൂർ നിയമസഭ മണ്ഡലത്തിലെ സി.പി.എം.നേതാക്കൾ ആദ്യ പിണറായി സർക്കാർ അധികാരത്തിലേറിയ 2016 മുതൽ അഭൂതപൂർവ്വമായ ധനസമ്പാദനം നടത്തിയിട്ടുണ്ട്. ഇത് വ്യാജ മദ്യ- മയക്ക് മരുന്ന് കച്ചവടത്തിലൂടെയാണെന്നത് പകൽ പോലെ വ്യക്തമാണ് . ഈ കച്ചവടത്തിൽ പങ്കുപറ്റുന്ന പണിയാണ് എക്സൈസ് ഉദ്യോഗസ്ഥർ ചെയ്തത്. സി.പി.എം.നേതാക്കളുടെയും കഴിഞ്ഞ ഏഴ് വർഷത്തിനിടെ ചിറ്റൂരിൽ ജോലി ചെയ്ത എക്സൈസ് ഉദ്യോഗസ്ഥരുടെയും സാമ്പത്തിക വളർച്ച സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണം. അനധികൃത ധന സമ്പാദനം നടത്തിയ സി.പി.എം.നേതാക്കളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും പേരുവിവരം കോൺഗ്രസ് നൽകാമെന്നും സുമേഷ് അച്യുതൽ പറഞ്ഞു.