— യു.എ.റഷീദ് പട്ടാമ്പി —
കേരളത്തിൽ തന്നെ ഏറ്റവും മികച്ച ബഡ്സ് സ്കൂൾ കെട്ടിടമായ വല്ല പ്പുഴ ബഡ്സ് സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്നു. മനോഹരമായി തയ്യാറാക്കിയ ഈ കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രവർത്തികളും പൂർത്തിയായിരിക്കുകയാണ്. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്. 99 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. നിലവിൽ പഞ്ചായത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്ന ബഡ്സ് സ്കൂൾ കുട്ടികളുടെ ബാഹുല്യത്താലും, സ്ഥല പരിമിതിയാലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടതിനാലാണ് മുഹമ്മദ് മുഹസിൻ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും ഈ സ്കൂൾ കെട്ടിടത്തിനായി 99 ലക്ഷം രൂപയും, എം. എൽ. എ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ വച്ച് റിവ്യൂ മീറ്റിംഗ് നടന്നു. ബഡ്സ് സ്കൂളിനു മുമ്പിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നു മുഹമ്മദ് മുഹസിൻ എം.എൽ.എ യോഗത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധി കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.