ലഹരി വിരുദ്ധ പരിപാടി കെട്ടുകാഴ്ചയായതായി പരാതി

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: തൃത്താല നിയോജകമണ്ഡലതല ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ ഉദ്ഘാടനം മേഴത്തൂർ ഗവർമെന്റ് ഹൈയർ സെക്കണ്ടറി സ്കൂളിൽ നടക്കുമ്പോൾ ആരാലും ശ്രദ്ധിക്കപെടാതെ പ്രമുഖ ലഹരി വിരുദ്ധ പ്രവർത്തകനും സംസ്ഥാനത്തെ മികച്ച ലഹരി വിരുദ്ധ പ്രവർത്തത്തിന് എൻ പി മന്മഥൻ സ്മാരക പുരസ്കാര ജേതാവുമായ ഹുസൈൻ തട്ടത്താഴത്ത് കേൾവിക്കാരൻ മാത്രമായി സദസ്സിൽ ഇരുന്നത് മാധ്യമപ്രവർത്തകരിലും നാട്ടുകാരിലും അത്ഭുതം ഉളവാക്കി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസ്സ്കളും സമര സന്ദേശയാത്രകളും നടത്തി ആത്മാർത്ഥമായി ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ മുന്നിൽ പോയിട്ട് കൂടെ പോലും നിർത്താതെ നടത്തുന്ന രാഷ്ട്രീയ പൊറാട്ടുനാടകമാണോ ലഹരിക്ക് എതിരെ എന്ന പേരിൽ ഗവണ്മെന്റ് ചിലവിൽ എക്‌സൈസ് ഡിപ്പാർട്മെന്റ് നടത്തുന്നത് എന്ന് സംശയം ജനിപ്പിക്കുന്ന ഒന്നാണ്, മദ്യവർജ്ജനസമിതി പാലക്കാട് ജില്ല പ്രസിഡന്റ്‌ കൂടെയായ ഹുസൈൻ തട്ടത്താഴത്തിനെ പോലെയുള്ളവരെയാണ് ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുന്നിൽ നിർത്തേണ്ടത്. അതിന് സന്നദ്ധമല്ലെങ്കിൽ എന്തിന് വേണ്ടിയാണ് സർക്കാർ ചെലവിൽ നാട്ടുകാരുടെ വെറുപ്പ് ക്ഷണിച്ചു വരുത്തുന്നത് എന്നാണ് ജനങ്ങളുടെ ചോദ്യം. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷ നൽകാൻ തൃത്താലയിലെ ജനപ്രതിനിധി കൂടിയായ മന്ത്രി രാജേഷ് മുൻകൈ എടുക്കണമെന്നാണ് ജനകീയാവശ്യം.