നെന്മാറ: ഒന്നാം വിള കൊയ്തെടുക്കാറായതോടെ കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് പഞ്ചായത്തിന് നൽകി സർക്കാറും കയ്യൊഴിഞ്ഞു. എന്നാൽ പഞ്ചായത്തുളളിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ലൈസൻസ് ഉള്ള തോക്കു ധാരികളെ കിട്ടാത്തതും അവർക്ക് ആവശ്യമായ സഹായം ചെയ്യാത്തതും ഉത്തരവുകൊണ്ട് ഫലം ഇല്ലാതായി. കയറാടി, ചക്രായി, കോഴിക്കോട്, ഇടപ്പാടം, തളിപ്പാടം ചാത്തമംഗലം തിരുവഴിയാട്, നൂറം ഭാഗങ്ങളിലെ നെൽപ്പാടങ്ങളിലാണ് കാട്ടുപന്നികൾ വിള നാശം വ്യാപകമായി ഉണ്ടാക്കിയത്. കാട്ടുപന്നികളെ പ്രതിരോധിക്കാൻ പാടവരമ്പുകളിൽ കമ്പികൾ വച്ചു കെട്ടിയും, സാമ്പത്തികശേഷിയുള്ളവർ സൗരോർജ്ജ വേലികൾ സ്ഥാപിച്ചും പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാട്ടുപന്നികൾ കൃഷിനാശം തുടരുന്നു. ചക്രായി – ഇടിഞ്ഞങ്ങോട് പാടശേഖരത്തിലെ കെ.എസ്. ശശി കാട്ടുറുമാക്കലിന്റെ നെൽപ്പാടം കാട്ടുപന്നി നശിപ്പിച്ച നിലയിലായി. കാട്ടുപന്നികളുടെ ആക്രമണം മൂലം കൃഷി നശിക്കുന്നതിന് ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കാറില്ല.