നെന്മാറ: നെല്ലിയാമ്പതി ചുരം റോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അറ്റകുറ്റപ്പണി കാര്യക്ഷമല്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലാണ് കുഴികൾ അടയ്ക്കുന്ന പണികൾ നടന്നുവരുന്നത്. പോത്തുണ്ടി മുതൽ കാരപ്പാറ വരെയുള്ള റോഡിലെ കുഴികളാണ് മെറ്റലും ടാറുമിട്ട് നിരപ്പാക്കുന്നത്. എന്നാൽ റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കുന്നതിന് പകരം റോഡിലെ കുഴികളിലും മറ്റും റെഡിമെയ്ഡ് ടാർമിശ്രീതമുപയോഗിച്ച് മൂടുകയാണ് ചെയ്യുന്നത്. ഇത് റോഡിൽ അറ്റകുറ്റപണി നടത്തിയ ഭാഗം പൊന്തി നിൽക്കുന്നതിന് കാരണമാകുന്നു. വേണ്ടതിലധികം മെറ്റലാണ് കുഴികളിൽ ഇട്ട് മൂടുന്നത്. ബൈക്ക് യാത്രക്കാരടക്കമുള്ളവർ റോഡിൻ്റെ നന്നാക്കിയ ഭാഗത്തെത്തുമ്പോൾ തെന്നി വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. മാത്രമല്ല കുഴികളിലെ പൂഴി മാറ്റാത്തത് മൂലം റോഡിലെ മെറ്റൽ ഉറയ്ക്കാതാവുകയും, മഴ പെയ്താൽ മെറ്റലിളകി പഴയതുപോലാവാനും സാധ്യതയുണ്ടെന്ന് ആക്ഷേപമുയരുന്നു. റോഡപകടങ്ങൾ ഏറെ നടന്നിട്ടുള്ള ഭാഗമാണ് കൈകാട്ടി, ചെറുനെല്ലി ഭാഗം. ഇവിടെ കഴിഞ്ഞ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് ഭൂരിഭാഗവും തകർന്ന സ്ഥിതിയാണ്. ഇവിടെ അറ്റകുറ്റപ്പണി നടത്താത്തതു കൊണ്ട് കുഴിയടക്കൽ മാത്രം കൊണ്ട് പ്രത്യേക പ്രയോജനമില്ലെന്ന് യാത്രക്കാർ പറയുന്നു. ടൂറിസം സീസൺ തുടങ്ങിയതോടെ ധാരാളം വിനോദസഞ്ചാരികൾ നെല്ലിയാമ്പതിയിൽ എത്തുന്നുണ്ട്. നെല്ലിയാമ്പതി ചുരം പാതയിലെ ഹെയർപിൻ ബെന്റുകളിലും മറ്റും ദിശാസൂചികയും മുന്നിൽ ഹെയർപിൻ ബെൻഡ് ഉണ്ടെന്ന സൂചന ബോർഡുകളുമില്ലാത്തത് അപരിചിതരായ വിനോദസഞ്ചാരികൾക്ക് ചുരം റോഡ് യാത്ര ഏറെ അപകടകരമാകുന്നു. മഴപെയ്തു കഴിഞ്ഞാൽ ഉടനെയും മഞ്ഞുസമയത്തും കോടയിറങ്ങുന്നത് റോഡിലെ പെട്ടെന്നുള്ള വളവുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഡ്രൈവർമാർ പരാതിപ്പെട്ടു. മിക്ക സ്ഥലങ്ങളിലും ടാർ റോഡിനോട് ചേർന്ന് പുല്ലുകൾ വളർന്ന് മറവുണ്ടാക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നെല്ലിയാമ്പതി പാതയിലൂടെയുള്ള ഗതാഗതം കുറ്റമറ്റ രീതിയിലാക്കാൻ ഉത്തരവാദപ്പെട്ട അധികൃതരും ശ്രദ്ധിക്കണമെന്ന് സന്ദർശകരും അഭിപ്രായപ്പെടുന്നു.