കുറ്റവാളികളെ ശിക്ഷിക്കുന്നതു വരെ നിയമ പരമായി പോരാടും: രഞ്ജിത്ത്

പാലക്കാട്: തങ്കം ആശുപത്രിയിൽ വെച്ച് ഐശ്വര്യയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണെന്ന് ഐശ്വര്യയുടെ ഭർത്താവ്  എം രഞ്ജിത്ത് . അനാസ്ഥ കാണിച്ച ഡോക്ടർമാരെ സംരക്ഷിക്കുന്ന ഐ എം എനിലപാട് തിരുത്തണം. കുറ്റവാളികളായ ഡോക്ടർമാരുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എം. രഞ്ജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ജൂലൈ നാലിനാണ് ഐശ്വര്യയും ഗർഭസ്ഥ ശിശുവും തങ്കം ആശുപത്രിയിൽ വെച്ച് മരിക്കുന്നത്. ഐശ്വര്യ ഗർഭം ധരിച്ചതു മുതൽ  പരിശോധന നടത്തിയിരുന്നത് തങ്കത്തിൽ തന്നെയാണ്. പ്രസവ സമയത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും അധികൃതർ ഒരുക്കിയിരുന്നില്ല. ഐശ്വര്യയെ ആദ്യം പരിശോധിച്ചിരുന്ന ഡോക്ടർമാരായ പ്രയദർശിനി, നിള എന്നിവർ ഐശ്വര്യയുടെഅത്യാസന്ന നിലയിൽ ഉണ്ടായിരുന്നില്ല. കൃത്യമായ ചികിത്സ, യഥാസമയത്ത് ലഭിക്കാത്തതാണ് ഐശ്വര്യയും കുഞ്ഞും മരിക്കാനിടയാക്കിയത്. കുഞ്ഞിന്റെ മരണശേഷവും ആശുപത്രി അധികൃതർ വസ്തുതകൾ മറച്ചുവെക്കുയായിരുന്നു. ഐശ്വര്യയുടെ മരണശേഷവും വസ്തുതകൾ മറച്ചുവെച്ചു. ഐശ്വര്യ അപകടാവസ്ഥയിലായിരുന്ന സമയത്ത് പരിശോധിച്ചത് ഡോ:അജിത്ത് സത്യാനന്ദനാണ്. ഇദ്ദേഹം ഗർഭിണിയായിരുന്ന ഐശ്വര്യയെ പരിശോധിച്ചിരുന്നില്ല. ഐശ്വര്യയും കുഞ്ഞും മരിച്ചതിന് ശേഷം ആശുപത്രി അധികൃതരും ആദ്യ അന്വേഷകരും  ഐ എം എ യും കുറ്റക്കാരായ ഡോക്ടർ മാരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇതിന് വിരുദ്ധമാണ് ഏഴ് അംഗ മെഡിക്കൽ ബോർഡിന്റെ അന്വേഷണ റിപ്പോർട്ട്, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതു വരെ നിയമപരമായി പോരാടുമെന്നും എം. രഞ്ജിത്ത് പറഞ്ഞു. ഐശ്വര്യയുടെ സഹോദരി അശ്വതി എം,. അശ്വതിയുടെ ഭർത്താവ് വിവേക് ബി,  രഞ്ജിത്തിന്റെ സഹോദരി രേഷ്മ എം, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു