പാലക്കാട് : ഗാന്ധിജയന്തി ദിനത്തിൽ ടൗൺ സൗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 210 ഗ്രാം കഞ്ചാവും മൻഫോഴ്‌സ്, നൈട്രോസെപാം എന്നീ ഗുളികളുമായി യുവാവ് പിടിയിൽ. കൂറ്റനാട് തെക്കേവാവന്നൂർ ഷെമീർ (29) ആണ് പിടിയിലായത്. പിരിവുശാല ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ബൈക്കിൽ വിൽപ്പനയ്‌ക്കെത്തിച്ച നിലയിൽ പിടികൂടിയത്. കഴിഞ്ഞമാസം 7.53 കിലോ കഞ്ചാവുമായി മലപ്പുറം രാമപുരം അബ്ദുൾ ലത്തീഫ് എന്നയാളെ പിടികൂടിയിരുന്നു. ഈ കേസിൽ കഞ്ചാവ് പിടികൂടുന്നതിനിടെ ഷെമീർ ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഷെമീർ കഞ്ചാവുമായി പിടിയിലായത്. ഷെമീറാണ് കഞ്ചാവ് വാങ്ങിക്കുന്നതിന് അന്ന് അബ്ദുൾ ലത്തീഫിന് പണം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസിലും ഷെമീറിനെ പ്രതി ചേർത്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ വി ഹേമലത, എം അജസുദ്ദീൻ, എഎസ്ഐ എസ് കൃഷ്ണപ്രസാദ്, സീനിയർ സിപിഒമാരായ കെ പി ഗോപിനാഥ്, കെ ബി രമേഷ്, എം സുനിൽ, ആർ വിനീഷ്, സിപിഒമാരായ വൈ മൈഷാദ്, ബി പവിത്രൻ, എം രാജേഷ്, എസ് ഷെയ്ഖ് മുസ്തഫ, ബിനീഷ്, എസ് ഉമേഷ്, എ സന്ധ്യ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.