കാംകോ ടില്ലറുകൾ റെയിൽ മാർഗ്ഗം ആസ്സാമിലേക്കു വീണ്ടും കയറ്റി അയക്കുന്നു

കേരള അഗ്രോ മെഷിനറി കോർ പറേഷൻ (കാംകോ ) സ്ഥാപിതമായത് 1973ൽ ആണ് . കേരള കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 100% കേരള ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഒരു കോർപ്പറേഷൻ ആണ് കാംകോ. പ്രധാനമായും ഉത്പാദിപ്പിക്കുന്നത് പവർ ടില്ലറുകളും പവർ റീപ്പർകളുമാണ് . ടില്ലറുകൾ കൃഷിക്കായി നിലമൊരുക്കാനും റീപ്പറുകൾ വിളവെടുപ്പിനുമാണ് ഉപയോഗിക്കുന്നത് . എറണാകുളം ജില്ലയിലെ അത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാംകോക്ക് അത്താണി, കളമശ്ശേരി, മാള, കഞ്ചിക്കോട് ,കണ്ണൂർ വലിയവെളിച്ചം എന്നിവിടങ്ങളിലായി 5 ഉത്പാദന യൂണിറ്റുകൾ ഉണ്ട് .കഴിഞ്ഞ കുറെ വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്ന കാംകോക്ക്‌ ഇന്ത്യയിലുടനീളമായി 400 ൽ പരം വെണ്ടർമാരും 80ൽ പരം ഡീലർമാരും ഉണ്ട് .

ആസ്സാമിലെ ഗോഹട്ടിയിലുള്ള ഡീലർക്കു 2018 വരെ റോഡ് മാർഗ്ഗം കയറ്റി അയച്ചിരുന്ന ടില്ലറുകളാണ് ഇപ്പോൾ റെയിൽവേ വഴി കയറ്റി അയക്കുന്നത് . റയിൽമാർഗ്ഗം അയക്കുന്നതുവഴി ചരക്കുകൂലി,സമയം ,അന്തരീക്ഷ മലിനീകരണം,കയറ്റിറക്കലുകളും അതുമൂലമുള്ള കേടുപാടുകൾ എന്നിവ കുറയ്ക്കാനാണ് കാംകോ ലക്ഷ്യമിടുന്നത് . ഇതിനോടകം തന്നെ പാലക്കാട്ടു നിന്നും ആലുവയിൽ നിന്നുമായി 20 ഓളം ലോഡുകൾ കയറ്റി അയച്ചു കഴിഞ്ഞു .ഒരു ലോഡിനോടൊപ്പം ഏകദേശം 650 എണ്ണം 9 H P പവർ ടില്ലറുകളും അതിന്റെ അനുബന്ധ സാമഗ്രികളും അടക്കം 10കോടിയിൽ പരം രൂപ വില വരുന്ന ഉത്പന്നമാണ് കയറ്റി അയക്കുന്നത് . കാംകോ കഞ്ചിക്കോട് നിർമ്മാണ യൂണിറ്റിൽ നിന്നും ആസ്സാമിലേക്കുള്ള പത്താമത് ലോഡ് ആണ് ഇന്ന് കയറ്റി അയക്കുന്നത് .