കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ്‌ അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും സംസ്കാരം പിന്നീട്.

രോഗബാധയെ തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.

സമരതീക്ഷ്‌ണതയിൽ വാർത്തെടുത്ത സൗമ്യദീപ്‌തിയാർന്ന സാന്നിധ്യം. അതാണ്‌ കോടിയേരി ബാലകൃഷ്‌ണൻ എന്ന നേതൃപാടവത്തിന്റെ മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ്‌ അദ്ദേഹം വിട വാങ്ങുന്നത്‌. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ്‌ ആദ്യം സെക്രട്ടറിയായത്‌. 2018ൽ തൃശൂർ സമ്മേളനത്തിൽ രണ്ടാമൂഴം. എറണാകുളത്ത്‌ ചേർന്ന സമ്മേളനത്തിൽ 2022ൽ വീണ്ടും സെക്രട്ടറിയായി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്‌ ആറുമാസത്തിനുശേഷം ആഗസ്‌തിൽ പദവി ഒഴിഞ്ഞു. തുടർഭരണം നേടുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ്‌ തൃശൂർ സമ്മേളനം കോടിയേരിയിൽ അർപ്പിച്ചത്‌. അത്‌ കൈവരിച്ച ആത്മസംതൃപ്‌തിയോടെയാണ്‌ എറണാകുളം സമ്മേളനത്തിലേക്ക്‌ അദ്ദേഹം പാർട്ടിയെ നയിച്ചത്‌.

കണ്ണൂരിലെ രാഷ്ട്രീയഭൂമികയാണ് എന്നും കോടിയേരിയുടെ കരുത്ത്. തലശേരിയിലെ കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രി ക്കു ചേർന്നു. മാഹി കോളേജിൽ പഠിക്കുമ്പോൾ കെഎസ്എഫ് പ്രവർത്തകനായി വിദ്യാർഥി സംഘടനാ പ്രവർത്തനം തുടങ്ങി. കോളേജ് യൂണിയൻ ചെയർമാനായി. തുടർന്ന്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ പ്രവർത്തനകേന്ദ്രം തലസ്ഥാനമായി.