സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ

തിരുവനന്തപുരം : സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ നൽകുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. 2022-2023 വർഷത്തിൽ 1,70,113 പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പുകൾ കൂടി റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാപയിൻ പദ്ധതി വഴി നൽകാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ 15 ന് ശേഷം സംസ്ഥാനത്തെ അഞ്ച് കോർപ്പറേഷനുകളിലും ആദ്യഘട്ട പേവിഷബാധയ പ്രതിരോധ കുത്തിവെയ്പ് നടപടികൾ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ഡയറക്ടർ ഡോ.എ.കൗശിഗൻ അറിയിച്ചു. തെരുവു നായ്ക്കകളുടെ വന്ധീകരണവും വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കണക്കുകൾ റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാമ്പയിൻ പോർട്ടലിൽ രേഖപ്പെടുത്തും.ലോക പേ വിഷബാധ ദിനത്തോടനുബന്ധിച്ച് (സെപ്റ്റംബർ 28) ഈ മാസം വിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് മാസം ആയി മൃഗസംരക്ഷണ വകുപ്പ് ആചരിക്കും. അതിന്റെ ഭാഗമായി എല്ലാ തെരുവുനായ്ക്കൾക്കും പേ വിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷനുകൾ, നായ് പിടുത്തക്കാർ, മൃഗക്ഷേമ രംഗത്തെ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് വ്യാപകമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തെരുവ് നായ്ക്കൾക്ക് നൽകുന്ന വാക്സിനേഷന് യാതൊരു തരത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. ആനിമൽ ഫിഡേഴ്സിന്റെ സഹായത്താൽ ഹാൻഡ് ക്യാച്ചിങ് സാധ്യമല്ലാത്ത ഇടങ്ങളിൽ നായ്ക്കളെ പിടിക്കാൻ ഡോഗ് ക്യാച്ചർമാരുടെ സഹായം തേടുന്നതിനുള്ള നടപടികൾ സ്വീകരിക്കും.