അഭിനയ ജീവിതത്തിൽ ആറ് പതിറ്റാണ്ട് പിന്നിട്ട അഭിനയ പ്രതിഭ-ഗോപിനാഥ് പൊന്നാനിയെ നാട്ടരങ്ങ് കേന്ദ്രം ആദരിക്കുന്നു. നടൻ മാത്രമല്ല – കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ; നിർമ്മാതാവ് എന്നീ നിലകളിലും ഗോപിനാഥ് പൊന്നാനി തൻ്റെ കലാ കൈയ്യൊപ്പ് പതിപ്പിച്ച് കലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
1947 ൽ പൊന്നാനിയിലെ കാഞ്ഞിരമുക്ക് എന്ന ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം,15-ാംമത്തെ വയസ്സിൽ നാടകത്തിൽ 83 വയസ്സുകാരനെ അവതരിപ്പിച്ച് ഒന്നാം സമ്മാനം കരസ്ഥമാക്കിക്കൊണ്ടാണ് അഭിനയ ജീവിതത്തിൽ കാലുറപ്പിക്കുന്നത്. പൊന്നാനി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ കലാസമിതികളിലെ നിരവധി നാടകങ്ങളിൽ വേഷമിട്ടു. കുളക്കാട്ടുകുറുശ്ശി കൈരളി കലാകേന്ദ്രം, കോട്ടയം പാർത്ഥസാരഥി തിയ്യറ്റേഴ്സ് എന്നീ ബാലെ ട്രൂപ്പുകളിൽ ഗ്രൂപ്പ് മാനേജരായും നടനായും പ്രവർത്തിച്ചു. കോയമ്പത്തൂരിലെ എല്ലാ മലയാളി സംഘടനകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആറ് സിനിമയിലും 15 ടെലി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.ഒരു തമിഴ് സിനിമയിലും പ്രധാന വേഷത്തിൽ അഭിനയിച്ചെങ്കിലും ആ സിനിമ പുറത്തിറങ്ങിയില്ല.
4 ടെലി സിനിമകൾ, കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചു. സിങ്കനല്ലൂർ ഗീതാഞ്ജലി തീയ്യേറ്റേഴ്സ് പ്രസിഡണ്ട്, ആര്യവൈദ്യ ഫാർമസി എംപ്ലോയേഴ്സ് തിയ്യറ്റേഴ്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ കോങ്ങാട് സ്പന്ദനം കലാവേദി പ്രസിഡണ്ടാണ്.
കിണാവല്ലൂർ നാട്ടരങ്ങ് കേന്ദ്രം, മേട്ടുപാളയം എൻ.എസ്.എസ്, സിങ്കനല്ലൂർ കേരളസമാജം, സുലൂർ കേരളസമാജം, നാടക് പാലക്കാട് യൂണിറ്റ്, ഗായത്രി സിനി ക്രിയേഷൻസ് പാലക്കാട് എന്നീ കലാസംഘടനകളുടെ ആദരവ് ലഭിച്ചിട്ടുണ്ട്. നല്ല നടനുള്ള കോഴിക്കോട് ഫിലിം സിറ്റി അവാർഡ് ലഭിച്ചിട്ടുണ്ട്.
കലാസാംസ്കാരിക രംഗത്ത് 50 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ കിണാവല്ലൂർ നാട്ടരങ്ങ് കേന്ദ്രം ആദരിക്കുന്നു .ഈ മാസം 18 ന് വൈകുന്നേരം 4 മണിക്ക് കോങ്ങാട് എൻ.എസ്.എസ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങ് ഡോ: പാർവ്വതീ വാര്യർ ഉദ്ഘാടനം ചെയ്യും. നാട്ടരങ്ങ് കേന്ദ്രംപ്രസിഡണ്ട് കണ്ടമുത്തു കന്നിമാരി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ നാട്ടരങ്ങ് കേന്ദ്രം സെക്രട്ടറി ജോർജ് ദാസ് സ്വാഗതം പറയും
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ പർച്ചേസ് മാനേജരായി ജോലി ചെയ്തിരുന്ന ഗോപിനാഥ് പൊന്നാനി, ഇപ്പോൾ ഭാര്യ റിട്ട. ടീച്ചർ ലീലാവതി, മക്കൾ ബിന്ദു, ബീന, ഗോകുൽ എന്നിവരോടൊപ്പം കോങ്ങാട്ടിൽ സ്ഥിര താമസം. ഈ അംഗീകാരത്തിൽ അഭിമാനിക്കുന്നുവെന്ന് അഭിനയപ്രതിഭ ഗോപിനാഥ് പൊന്നാനി പറഞ്ഞു.