വാളയാർ:
ഓണത്തോടനുബന്ധിച്ച് അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടങ്ങിയ സാഹചര്യത്തിൽ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു. ചെക് പോസ്റ്റിൽ 143 സാമ്പിളുകളുടെയും ജില്ലാ ലാബിൽ 11 ബ്രാൻഡ് മാർക്കറ്റ് സാമ്പിളുകളുടെയും പരിശോധന നടത്തിയതായി ക്ഷീരവികസന വകുപ്പ് അധികൃതർ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ ക്ഷീര വികസന വകുപ്പിന്റെ ഗുണമേന്മ പരിശോധന ലാബിൽ ഇൻഫർമേഷൻ സെൻ്ററും പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ ഏഴു വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സെന്റർ പ്രവർത്തിക്കുക. പാലിൻ്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ പൊതുജനങ്ങൾക്ക് ഇൻഫർമേഷൻ സെന്ററിൻ്റെ സേവനം പ്രയോജനപ്പെടുത്താം. വിവിധയിനം പാലുത്പന്നങ്ങളുടെ പരിശോധനയും നടത്തുന്നുണ്ട്. പരിശോധന സൗജന്യമാണ്.