കസ്തൂരി രംഗൻ / ESA വിഷയത്തിൽ കേരള സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുക: കിഫ

പാലക്കാട്:
2022 സെപ്റ്റംബർ 6 വരെ പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം നൽകികൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കസ്തൂരി രംഗൻ / ഇ എസ് എ നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് കിഫ ലീഗൽ സെൽ മുഖേന കിഫ പ്രവർത്തകൻ അബ്ബാസ് കരിമ്പാറ, കേരള ഹൈ കോടതിയിൽ ഹർജി ഫയൽ ചെയ്തു. നോട്ടിഫിക്കേഷൻ കാലാവധി സെപ്റ്റംബർ 6 ന് അവസാനിക്കും എന്നിരിക്കെ കേസ് പഠിക്കാൻ 3 ആഴ്ച സമയം ചോദിച്ചു കൊണ്ട് കേരള ഗവർമെൻ്റ് പ്ലീഡർ ശക്തമായ എതിർപ്പ്‌ അറിയിച്ചതിനെ തുടർന്ന് തുടർന്ന് കേസ് സെപ്റ്റംബർ പതിനാറാം തീയതിയിലേക്ക് മാറ്റി.

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും വരുന്ന ബഫർ സോൺ നോട്ടിഫിക്കേഷൻ മലയാള തർജ്ജമ ആവശ്യപ്പെട്ടപ്പോൾ ഒരു എതിർപ്പും കൂടാതെ അംഗീകരിച്ച കേരള സർക്കാർ എന്തുകൊണ്ടാണ് കസ്തൂരി രംഗൻ / ഇ എസ് എ വിഷയത്തിൽ മലയാള തർജ്ജമയെ എതിർക്കുന്നത് എന്നത് ദുരൂഹമാണെന്നു കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.

സർക്കാരിന് ഇക്കാര്യത്തിൽ പലതും ഒളിക്കാൻ ഉണ്ട് എന്നുള്ളതിന്റെ തെളിവായിട്ടു വേണം ഈ എതിർപ്പിനെ മനസിലാക്കാൻ.ആരും ആവശ്യപ്പെടാതെ തന്നെ മലയാള പരിഭാഷ ഇറക്കി ആളുകളെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട് എന്നിരിക്കയാണ് ഈ ഒളിച്ചുകളി.

കേന്ദ്രസർക്കാർ നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ഇഎസ്ഐയുടെ പരിധിയിൽ വരുന്ന വസ്തുക്കളുടെ/പ്രദേശങ്ങളുടെ വിശദാംശങ്ങൾ കേരള ബയോഡേഴ്സിറ്റി ബോർഡിൻ്റെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞിരുന്നത്. ബയോഡേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് ആ വിവരങ്ങൾ അപ്രത്യക്ഷമാവുകയും പിന്നീട് അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വീണ്ടും അപ്‌ലോഡ് ചെയ്ത മാപ്പുകളിൽ എന്തെങ്കിലും വ്യത്യാസം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള അവസരംപൊതു ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇങ്ങനെ അത്യന്തം ദുരൂഹമായ രീതിയിലാണ് കേരള സർക്കാർ കസ്തൂരി രംഗൻ / ഇ എസ് എ വിഷയത്തെ സമീപിച്ചിരിക്കുന്നത്. ഇത് തികച്ചും ജനവഞ്ചനയാണ്. ഇക്കാര്യത്തിൽ മലയാളത്തിലും തമിഴിലും കന്നടയിലും തർജ്ജമ ഇറക്കി കൃത്യമായി വായിച്ചു മനസ്സിലാക്കി പ്രതികരിക്കാനുള്ള അവസരം ജനങ്ങൾക്ക് നൽകിക്കൊണ്ട് മാത്രമേ അന്തിമ നോട്ടിഫിക്കേഷൻ ഇറക്കാവൂ എന്നുള്ളതാണ് കിഫയുടെ നിലപാട്.