ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍ പെരുമ്പിലാവ് കരിക്കാട് പൂളന്തറയ്ക്കല്‍ വീട്ടില്‍ ഹസ്സന്‍(32) ആണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി നടക്കുന്ന നര്‍കോട്ടിക് ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ട്രെയിനില്‍ ആന്ധ്രയില്‍ നിന്നും എത്തിച്ച കഞ്ചാവുമായി ബസില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ വൈകീട്ട് ആറുമണിയോടെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കിലോയ്ക്ക് നാലായിരം രൂപ നല്‍കിയാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. അത് നാട്ടിലെത്തിച്ചാല്‍ കിലോ 20,000 രൂപയ്ക്ക് വില്‍ക്കും. ആഘോഷ വേളകളില്‍ ആവശ്യക്കാര്‍ കൂടുന്നതുപോലെ വിലയും കൂടും. ഇത്തവണ ഓണം കണക്കാക്കിയാണ് കഞ്ചാവ് കടത്തിയത്. പതിവായി ഇയാള്‍ കഞ്ചാവ് കടത്താറുണ്ടെങ്കിലും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍, എസ്.ഐ. എസ്. ജലീലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍, നോര്‍ത്ത് എസ്.ഐ. രാജേഷ്, ജൂനിയര്‍ എസ്.ഐ. തോമസ്, ജി.എസ്.ഐ. നന്ദകുമാര്‍, എസ്.സി.പി.ഒ.മാരായ സലീം, കാദര്‍പാഷ, സി.പി.ഒ. ബിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.