കടവല്ലൂർ കല്ലുംപുറം കൊള്ളഞ്ചരി തോട്ടില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

പെരുമ്പിലാവ് :
കല്ലുംപുറം സ്വദേശി കിടങ്ങത്ത് വീട്ടില്‍ അബ്രഹാമിന്റെ മകന്‍ സോജന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി മുതലാണ് ഇയാളെ കാണാതായത്.

രാത്രി എട്ടരയോടെ തോടിനു സമീപത്തെ കള്ളുഷാപ്പ് പരിസരത്ത് ഇയാളെ കണ്ടവരുണ്ട്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സമീപത്തെ ഷോപ്പ് തുറക്കാനെത്തിയവരാണ് തോടിന് സമീപത്ത് ഇയാളുടെ ചെരുപ്പും മൊബൈല്‍ഫോണും കണ്ടത്.

തുടര്‍ന്ന് കുന്നംകുളം പോലീസില്‍ വിവരമറിയിച്ചതോടെ ജൂനിയര്‍ എസ് ഐ നിധിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനാ സംഘവും സ്ഥലത്തെത്തി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.