ജാതി വാലുകൾ നീക്കിയും ജാതി സംഘടനകളെ നിരോധിച്ചും നവോത്ഥാനം നടപ്പിലാക്കണം

പാലക്കാട്: പുരോഗമനത്തിലും നവോത്ഥാനത്തിലും ഊറ്റം കൊള്ളുന്ന കേരളമിന്നും ജാതി.. മത വിഭാഗീയതയുടെ തടവറയിലാണെന്നും നമ്മൾ കൊട്ടിഘോഷിക്കുന്ന വിധം കേരളം ദൈവത്തിന്റെ സ്വന്തം നാടാവണമെങ്കിൽ ശക്തമായ നവോത്ഥാന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങളിൽ നിന്നും സർക്കാർ പൊതുപരിപാടികളിൽ നിന്നും ജാതി വാൽ നീക്കം ചെയ്യണമെന്നും ജാതി.. മത വിഭാഗീയതയെ ശക്തിപ്പെടുത്തുന്ന മുഴുവൻ ജാതി.. മത സംഘടനകളേയും നിരോധിക്കുന്നതിനും സംസ്ഥാന… പ്രാദേശിക.. കേന്ദ്ര സർക്കാരുകൾ തയ്യാറാകണമെന്നും മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗം ആവശ്യപ്പെട്ടു. ഇരുട്ടിലാണ്ടു പോയ നിസ്സഹായരായ ഒരു ജനതയെ സമര തീക്ഷ്ണതയിലൂടെ വെളിച്ചത്തിലേക്ക് നയിച്ച മഹാനായിരുന്നു അയ്യങ്കാളിയെന്നും ഇപ്പോഴും ശക്തി യുക്തം തുടരുന്നജാതി മത വിവേചനങ്ങളെ ഇല്ലാതാക്കുന്നതിന് അയ്യങ്കാളിയും മറ്റു മഹത്തുക്കളും തെളിച്ച പോരാട്ട പാതയിലൂടെ മുന്നോട്ടു വരാൻ എല്ലാവരും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.