വായോധികരെ നിങ്ങളുടെ അവകാശങ്ങളേകുറിച്ച് ബോധവാന്മാരാകൂ….

 —അഡ്വക്കേറ്റ് സിലിയ ജോജി —

      നമ്മുടെ ഈലോക ജീവിതത്തിലെ ഏറ്റവുമധികം ആസ്വാദനിയവും, സമാധാനപരവുമാകേണ്ട സുവർണ നാളുകളാണ് ‘വാർദ്ധക്യം’. ഒട്ടേറെ വെല്ലുവിളികൾ ഉയർന്നുവരുന്ന വർദ്ധക്യനാളുകളെ ഉല്ലാസകരമാക്കാൻ അവരെ പിന്തുണയ്ക്കേണ്ടത് അവരുടെ കുടുംബംഗങ്ങളും, സമൂഹവുമാണ്.

  എന്നാൽ നിരവധി വയോധികർ ഇന്നും ആരും സംരക്ഷിക്കാനില്ലാതെ ശാരീരികവും, വൈകാരികവും, സമ്പത്തികവുമായ ക്ലേശങ്ങൾ മൂലം അവരുടെ ജീവിത സായാഹ്നത്തിൽ കടുത്ത ഏകാന്തതയും, ദുരിതവും അനുഭവിക്കുന്നു.

     ഈ അവസ്ഥകളെ മുന്നിൽ കണ്ടുകൊണ്ട് മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും ബഹുമാനത്തിനും ഊന്നൽ നൽകുന്ന രീതിയിലുള്ള നിയമങ്ങൾ രൂപകല്പന ചെയ്യുന്നതിൽ നമ്മുടെ രാഷ്ട്രം എന്നും മുന്നിലുണ്ട്. മുതിർന്ന പൗരൻമാരുടെ ക്ഷേമവും, സംരക്ഷണവും, ഭരണാഘടന പരാമർശിക്കുന്ന അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് ” . മാതാപിതാക്കളുടേയും മുതിർന്ന പൗരൻമാരുടേയും ജീവനംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം,2007 ( The Maintenance and Welfare of Parents and Senior Citizens Act, 2007).

      7 അധ്യായങ്ങളും, 32 സെക്ഷനോടും കൂടിയ ഈ നിയമം വൃദ്ധജനങ്ങളുടേയും, മുതിർന്ന പൗരൻമാരുടേയും അടിസ്ഥാന ആവശ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും അവരുടെ അവകാശങ്ങളോട് ചേർന്നുനിന്ന് അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്.

     60 ഉംഅതിനുകൂടുതലും വയസുള്ളവരെയാണ് മുതിർന്ന പൗരന്മാരായി ഇന്ത്യയിൽ പരിഗണിക്കുന്നത്. ഇവരിൽ ഭക്ഷണം, ആരോഗ്യസംരക്ഷണം, മറ്റു അടിസ്ഥാന ആവശ്യങ്ങൾ ഉള്ളവർക്ക് ഈ നിയമപ്രകാരമുള്ള അവകാശങ്ങൾ ലഭിക്കുന്നു. മാതാപിതാക്കൾ എന്ന നിർവചനത്തിൽ രണ്ടാനച്ഛനും, രണ്ടാനമ്മയും, ദത്തെടുത്തിട്ടുള്ള മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട്. സന്താനങ്ങൾ ഇല്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ച് ആ ബാദ്ധ്യത വായോധികന്റെ അനന്തരാവകാശിയായ ബന്ധുവിന്റേതാണ്. അനന്തരാവകാശിയായ മക്കളും ബന്ധുക്കളും ഒന്നിലധികമാവുമ്പോൾ ബാദ്ധ്യത തുല്യമായിരിക്കും. പ്രസ്തുത മുതിർന്ന പൗരനോ, വയോധികക്കോ/ വയോധികനോ സ്വന്തമായി ചിലവു വഹിക്കുവാനുള്ള സമ്പത്തോ ശേഷിയോ ഇല്ലയെങ്കിൽ മാത്രമേ ഈ നിയമം അനുശാസിക്കുന്ന അവകാശം ലഭിക്കുകയുള്ളു. ഈ നിയമപ്രകാരം പരമാവധി പ്രതിമാസം 10,000 രൂപവരെയും അഥവാ പരാതിക്കാരുടെ അത്യാവശ്യ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രതിമാസ ജീവനംശമോ നല്കേണ്ടതാണ്. എല്ലാ ജില്ലയിലും മൈന്റൈനസ് ട്രബൂണൽ സ്ഥിതിചെയുന്നുണ്ട്. സാധാരണ ജീവിത ചിലവുപോലും മക്കളോ ബന്ധുക്കളോ നൽകുന്നില്ലെങ്കിൽ മുതിർന്ന മാതാപിതാക്കൾക്ക് തങ്ങൾ താമസിക്കുന്നതോ, അവസാനം താമസിച്ചിരുന്നതോ അഥവാ ആർക്കെതിരെയാണോ പരാതി കൊടുക്കുന്നത് അവർ ഇപ്പോൾ താമസിക്കുന്ന ജിലയിലെ മൈന്റൈനൻസ് ട്രിബൂണലിൽ പരാതി നൽകാവുന്നതാണ്.

  സ്വമേധായോ, ശാരീരികമായ അസ്വസ്ഥമുള്ളവർക്കും നേരിട്ട് പരാതി തരാൻ കഴിയാത്തവർക്കും അവർ അധികാരപ്പെടുത്തുന്ന ഒരു വ്യക്തിക്കോ അല്ലെങ്കിൽ സംഘടനക്കോ ട്രിബൂണലിൽ പരാതി നൽകാവുന്നതാണ്. ഇതിനുപുറമേ ട്രിബൂണലിനു സ്വമേധയായും നടപടിയെടുക്കാവുന്നതാണ്. പരാതി ലഭിക്കുന്നതിനെ തുടർന്ന് ട്രബൂണൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും അവരുടെ ഭാഗം വ്യക്തമാകുന്നതിനും, വിശദികരിക്കുന്നതിനും അവസരം നൽക്കുകയും ചെയ്യുന്നു.

     ഈ പരാതിപ്രകാരം ബന്ധപ്പെട്ടവരോട് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് 1973-ലെ ക്രിമിനൽ നടപടി പ്രകാരമുള്ള അധികാരത്തിൽ ട്രബൂണൽ നോട്ടീസ് അയക്കും. എന്നാൽ ജീവനംശം നൽകേണ്ട മക്കളോ, ബന്ധുക്കളോ ഇന്ത്യക്ക് പുറത്താണെങ്കിൽ കേന്ദ്രസർക്കാർ ഔദ്യോഗിക വിജ്ഞാപനം വഴി നിർദ്ദേശിക്കുന്ന അതോറിറ്റി വഴി എതിർകക്ഷിക്ക് സമ്മൻസ് അയക്കുന്നതാണ്. സമ്മൻസ് ലഭിച്ചിട്ടും ട്രിബൂണലിൽ മനഃപൂർവം ഹാജരാവാതിരുന്നാൽ എതിർകക്ഷി ഇല്ലാതെ വാദം കേട്ട് തീർപ്പു കൽപിക്കാവുന്നതാണ്.

    എന്നാൽ എതിർകക്ഷികൾ മതിയായ കാരണങ്ങളിലാതെ ട്രിബൂണൽ ഉത്തരവിന് എതിരായി പ്രവർത്തിച്ചാൽ ട്രിബൂണൽ ഇവർക്കെതിരായി വാറന്റ് പുറപ്പെടുവിക്കുകയും ഉത്തരവ്  ലംഘനത്തിന് തുകയും, കുടിശികയും, മാസങ്ങളിലെ ജീവനംശവും, നടപടിക്രമങ്ങളുടെ ചിലവും ഈടാക്കുകയും ആയതു ഈടാക്കുന്ന കാലയളവിലോ ഒരു മാസം വരേയോ തടവുശിക്ഷക്കും വിധിയാകാവുന്നതുമാണ്. എന്നാൽ ഉത്തരവ് ലംഘിച്ച് ജീവനംശ തുക ലഭിക്കുന്നതിൽ മുടക്കം വരുത്തുന്നതിനെ സംബന്ധിച്ചുള്ള പരാതി മുടക്കം വരുത്തിയതിനു മൂന്നുമാസത്തിനുള്ളിൽ ട്രിബൂണലിൽ പരാതി സമർപ്പിക്കേണ്ടതാണ്. ട്രൈബ്യുണലിന്റെ ഉത്തരവിനെ ചോദ്യചെയ്ത് 60 ദിവസത്തിനുള്ളിൽ അപ്പലേറ്റ് ട്രൈബ്യുണലിൽ അപ്പീൽ നൽകാവുന്നതാണ്. പരാതികരെ പ്രതിനിധികരിച്ച് ട്രൈബ്യുണലിലും അപ്പലേറ്റ് ട്രൈബ്യുണലിലും അഭിഭാഷകരെ നിയോഗിക്കാൻ പാടുള്ളതല്ല. പകരം പരാതിക്കാരൻ സ്വമേധായോ സർക്കാർ നിയോഗിച്ചിട്ടുള്ള സോഷ്യൽ വെൽഫയർ ഓഫീസർക്കോ തുല്യ അധികാരമുള്ള മറ്റു ഓഫീസർക്കോ ഹാജരാവുന്നതാണ്.

     വായോധികരുടെ അവകാശങ്ങളെ സംരക്ഷിക്കാൻ നമ്മുക്ക് ഒറ്റ കെട്ടായി പോരാടാം. വാർദ്ധക്യം വെറും വയസിൽ മാത്രമാണ്, മനസ്സിന്റെ ചുറുചുറുക്കിൽ അല്ല അളക്കുന്നത്. വാർദ്ധക്യത്തിലെ ഓരോ നിമിഷങ്ങളും സുവർണവും ആനന്ദകരവുമാക്കൂ. നിയമം അനുശാസിക്കുന്ന അവകാശകളെക്കുറിച്ച് ബോധവാന്മാരാകു സ്വന്തം അവകാശങ്ങൾക്കുവേണ്ടി പോരാടു.