ചരട് കെട്ടിക്കൊടുക്കാനെന്ന വ്യാജേന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്ഷേത്രപൂജാരി അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.

ക്ഷേത്രത്തിനുസമീപത്തുതന്നെ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ പ്രശ്‌നംവെയ്പും പൂജകളും നടത്തിയിരുന്നു.മകള്‍ക്ക് പഠനത്തില്‍ താത്പര്യമില്ലെന്നുംമറ്റും പറഞ്ഞ് ഇയാളെ കഴിഞ്ഞ ദിവസം ഒരു സ്ത്രീ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാല്‍മതിയെന്ന് പറഞ്ഞ ഇയാള്‍ സ്ത്രീയെ പുറത്തിരുത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി.

ചരട് കെട്ടിക്കൊടുക്കാനുള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം ബുധനാഴ്ച രാത്രി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വീടിന് സമീപത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. എട്ടാം ക്ലാസുവരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാള്‍ പഠനകാലം കഴിഞ്ഞതുമുതല്‍ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു.
പിന്നീട് ജ്യോതിഷം പഠിക്കുകയും കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തിരുന്നു.